എച്ച്് 1 ബി തൊഴില്‍വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. അമേരിക്കയില്‍ എച്ച്് 1 ബി തൊഴില്‍വിസ കരസ്ഥമാക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

ഇതോടെ തൊഴില്‍വിസ നടപടികളില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. ഇന്ത്യയിലെത്തുന്ന എച്ച് 1ബി വിസയുള്ളവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സ്റ്റാംപ് ചെയ്യണം. തിരികെ അമേരിക്കയിലെത്തുന്നതിനുമുമ്പായി ഈ നടപടിക്രമം പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത,

മുംബൈ എന്നിവിടങ്ങളിലെ അമേരിക്കന്‍ കോണ്‍സലറ്റുകളിലും ഈ സൗകര്യമുണ്ടായിരിക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന നിരവധി ഇന്ത്യാക്കാര്‍ക്ക് പുതിയ നിര്‍ദേശം വലിയ തലവേദന സൃഷ്ടിക്കും. മഹാമാരിയുടെ കാലത്ത് ഈ നടപടിക്രമം വലിയ കാലതാമസവും മറ്റു പ്രശ്‌നങ്ങളുമുണ്ടാക്കും. എച്ച്1 ബി തൊഴില്‍വിസ നേടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.

പാസ്‌പോര്‍ട്ട് എംബസിയിലോ കോണ്‍സുലേറ്റിലോ സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം, അവധിക്കാലത്ത് നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വലിയ തലവേദനയാകും.

വിവാഹം, മരണം തുടങ്ങിയ മറ്റ് വീട്ടുചടങ്ങുകള്‍ക്കും മാതാപിതാക്കളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി കുറഞ്ഞ കാലയളവില്‍ നാട്ടിലെത്തുന്നവര്‍ക്കും ഈ നിര്‍ദേശം ബുദ്ധിമുട്ടായിരിക്കുകയാണ്. നാട്ടിലെത്തിയാല്‍, തിരിച്ചുപോകുന്നതിനുമുമ്പ് പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്തുകിട്ടുകയെന്നത് വലിയ പ്രശ്‌നമാകുമെന്നുറപ്പാണ്.