മോസ്കോ: ഇപ്പോൾ പശ്ചിമേഷ്യയിൽ കാണുന്നത് യുഎസിന്‍റെ നയ പരാജയമാണെന്ന പ്രതികരണവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച ശേഷമുള്ള റഷ്യയുടെ ആദ്യപ്രതികരണമാണിത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഏത് തരത്തിലുള്ള തീവ്രവാദത്തേയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച് മണിക്കൂറുകൾക്കകമാണ് പുടിൻറെയും പ്രതികരണം വന്നിരിക്കുന്നത്.
ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇസ്രയേലിന്‍റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ വഴി സംസാരിച്ചെന്നും പ്രദേശത്തെ ഇപ്പോഴുള്ള സ്ഥിതിഗതികൾ അദ്ദേഹം അറിയിച്ചുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടും എന്ത് നടപടിയാണ് ഇന്ത്യ ഇക്കാര്യത്തിൽ കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
യുദ്ധം വ്യാപിച്ചിരിക്കുന്ന മേഖലയിലെ ഇന്ത്യൻ പൗരന്മാരെ പറ്റിയുള്ള വിവരങ്ങൾ എംബസിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യക്കാരുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്.
അതിർത്തികടന്ന് ഭീകരാക്രമണം നടത്തിയ ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ താക്കീത് നൽകിയിരുന്നു. ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും അത് അവസാനിപ്പിക്കുക തന്നെ ചെയ്യും എന്ന് നെതന്യാഹു ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.



