കാബൂള്‍: രാജ്യം മാനുഷിക പ്രതിസന്ധികളുടെ പിടിയിലാവുകയും ആഗോള തലത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന സമയത്ത് പണം സമ്പാദിക്കുന്നതിനോ ലോക ബഹുമാനം നേടുന്നതിനോ ജനങ്ങള്‍ ശ്രമിക്കരുതെന്ന് താലിബാന്‍ പരമോന്നത നേതാവ് അഫ്ഗാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് യുഎന്‍ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചകള്‍ക്കായി ഒരു താലിബാന്‍ പ്രതിനിധികള്‍ ഖത്തറിലെ ദോഹയിലേക്ക് പോകുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ ഒരു പള്ളിയില്‍ ഈദ് അല്‍-അദ്ഹ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ ഹിബത്തുള്ള അഖുന്ദ്സാദ കടുത്ത മുന്നറിയിപ്പ് നല്‍കിയത്.

അഖുന്ദ്സാദ അഫ്ഗാനികളെ മുസ്ലിംകള്‍ എന്ന നിലയിലുള്ള അവരുടെ കടമകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും തന്റെ 23 മിനിറ്റ് പ്രഭാഷണത്തില്‍ ഐക്യത്തിനായി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയും ചെയ്തു.

കടുത്ത നയങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ ബാഹ്യ പിന്തുണ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്ന മിതവാദ ചിന്താഗതിക്കാരും തീവ്ര വിഭാഗവും  തമ്മിലുള്ള പിരിമുറുക്കം കാണിക്കുന്നതാണ് പ്രസ്താവന. 

മുസ്ലീങ്ങള്‍ക്കിടയില്‍ സാഹോദര്യം വേണമെന്നും പൗരന്മാരും താലിബാന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും തിങ്കളാഴ്ചത്തെ സന്ദേശത്തില്‍ അഖുന്ദ്‌സാദ പറഞ്ഞു. 

”നമ്മള്‍ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിനെ ആരാധിക്കാനാണ്, അല്ലാതെ പണം സമ്പാദിക്കാനോ ലോകമഹത്വം നേടാനോ അല്ല. നമ്മുടെ ഇസ്ലാമിക വ്യവസ്ഥ ദൈവിക വ്യവസ്ഥയാണ്, നമ്മള്‍ അതിനോടൊപ്പം നില്‍ക്കണം. നീതിയും ഇസ്ലാമിക നിയമവും (അഫ്ഗാനിസ്ഥാനിലേക്ക്) കൊണ്ടുവരുമെന്ന് ഞങ്ങള്‍ ദൈവത്തോട് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാല്‍ നമ്മള്‍ ഒന്നിച്ച് നിന്നല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ല. നമ്മുടെ അനൈക്യത്തിന്റെ ഗുണം ശത്രുവിലേക്ക് എത്തുന്നു; ശത്രു അത് മുതലെടുക്കുന്നു,’ അഖുന്ദ്‌സാദ പറഞ്ഞു. 

11 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാനും പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ വിലക്കാനും പല ജോലികളില്‍ നിന്നും അവരെ ഒഴിവാക്കാനും വസ്ത്രധാരണ നിയമങ്ങളും പുരുഷ രക്ഷാകര്‍തൃ ആവശ്യകതകളും നടപ്പിലാക്കാനും താലിബാന്‍ ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം തീവ്രമായി ഉപയോഗിച്ചു പോരുകയാണ്.

മതപണ്ഡിതരുടെ ഉപദേശം കേള്‍ക്കാനും അധികാരം അവരെ ഏല്‍പ്പിക്കാനും അഖുന്ദ്‌സാദ താലിബാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ അഹങ്കരിക്കരുത്, അഭിമാനിക്കുകയോ ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള സത്യം നിഷേധിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.