ന്യൂഡല്‍ഹി: ആധുനിക ഡിജിറ്റല്‍ ലോകത്തെ വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ മുന്നില്‍ക്കണ്ട് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിചയമുള്ളവരെ വാര്‍ത്തെടുക്കുന്നതിന് ദേശീയതല ഡിജിറ്റല്‍ പ്ലാറ്റഫോം നിലവില്‍ വരുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി, സംരംഭകത്വ- നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സൂറത്തിലെ സാര്‍വജനിക് സര്‍വകലാശാലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരും അക്കാദമിക് പ്രമുഖരും വ്യവസായ പ്രതിനിധികളുമടങ്ങുന്ന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായവും ഇതര സഹായങ്ങളുമെല്ലാം ഏതാനും കുടുംബങ്ങള്‍ക്ക് മാത്രമെന്ന മുന്‍കാലനിലപാടില്‍നിന്ന് പ്രധാനമന്ത്രിയുടെ സബ് കാ സാഥ്, സബ് കാ വിശ്വാസ് എന്ന വീക്ഷണത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംരംഭക രാജ്യമായി വളര്‍ന്നുകഴിഞ്ഞു. ഡ്രോണുകളുടെ രംഗത്ത് മാത്രം 680 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 120 സംരംഭങ്ങള്‍ക്ക് പുറമെയാണിതെന്നു മന്ത്രി പറഞ്ഞു.



