തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇ.പി ജയരാജന്‍ ഒഴികെയുള്ള പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും.
കേസ് പരിഗണിക്കുമ്പോള്‍ ജയരാജന്‍ ഹാജരാകണമെന്നു കോടതി പറഞ്ഞു. മറ്റ് പ്രതികള്‍ 26ന് ഹാജരാകേണ്ടതില്ല. കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് കൈമാറാനും കോടതി നിര്‍ദേശിച്ചു.
മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രി കെ.ടി.ജലീല്‍, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. ഇ.പി.ജയരാജന്‍ അസുഖബാധിതനായി കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ കേസിലെ ആറു പ്രതികളും ഇന്നു ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം.
ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ സംഘര്‍ഷമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.



