ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് യാത്ര നിരോധനം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് ഇറക്കി. ആറംഗം കമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കി.കപ്പല്‍,വിമാന യാത്രകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ആദ്യ യോഗം ജൂണ്‍ അഞ്ചിന് നടക്കും. തുടര്‍ന്ന് കൂടിയാലോചനകള്‍ നടത്തി ഏതുതരത്തില്‍ നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തി 15-ാം തിയതിയോടെ നിയമം നടപ്പിലാക്കാനാണ് തീരുമാനം. ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്കാന് ഇനി മുതല്‍ അധികാരമുള്ളത് കവരത്തി എഡിഎമ്മിനാകും. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്ബോഴും പെര്‍മിറ്റ് പുതുക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ സന്ദര്‍ശനാനുമതി ലഭിക്കുകയുള്ളു.
എഐസിസി സംഘവും സിപിഎമ്മിന്റെ എംപിമാരും ദ്വീപ് സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നടപടി.ലക്ഷദ്വീപില്‍ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ഉത്തരവ് എഡിഎം ഇറക്കിയത്. ദ്വീപ് സന്ദര്‍ശിക്കണമെങ്കിലും നിലവിലുള്ള പാസ് നീട്ടി നല്‍കണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം ലക്ഷദ്വീപില്‍ കളക്ടര്‍ക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തില്‍ 12 പേര് കൂടി അറസ്റ്റിലായി.കഴിഞ്ഞ ദിവസം കളക്ടര്‍ എസ്.അസ്കര്‍ അലി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് ദ്വീപില്‍ പ്രതിഷേധം നടന്നിരുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. അതിനാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേര് റിമാന്‍ഡിലാണ്. ജാമ്യമില്ലാവകുപ്പുകളാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്.



