ഒക്കലഹോമ: സൈക്കിള്‍ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ ഒക്കലഹോമ നദിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന 67 വയസുള്ള ഒരാളെ അറസ്റ്റു ചെയ്തതായി ലോക്കല്‍ പോലീസ് ചീഫ് അറിയിച്ചു. ജൊ കെന്നഡിയെന്ന ആളാണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു.

ഒക്ടോബര്‍ ഒമ്പതിനാണ് മാര്‍ക്ക് ചാസ്റ്റിന്‍ (32), ബില്ലി ചാസ്റ്റിന്‍ (30), മൈക്ക് സ്പാര്‍ക്ക്‌സ് (32), അലക്‌സ് സ്റ്റീവന്‍സ് (29) എന്നിവരെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പരാതി നല്‍കിയത്. ബില്ലിയുടെ വീട്ടില്‍ നിന്നും നാലുപേര്‍ സംഘമായി ഒക്ടോബര്‍ ഒമ്പതിന് രാത്രി ഒമ്പതിനാണ് പുറപ്പെട്ടത്.

വെടിയേറ്റ് കൊല്ലപ്പെട്ട ഇവരുടെ ശരീരഭാഗങ്ങള്‍ നദിയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ഇവരില്‍ രണ്ടുപേരുടെ സെല്‍ഫോണും കണ്ടെടുത്തിരുന്നു. ശരീരഭാഗങ്ങള്‍ അറുത്തു മാറ്റപ്പെട്ടതിനാല്‍ തിരിച്ചറിയാന്‍ വൈകിയതായി പോലീസ് പറയുന്നു. ഞായറാഴ്ചയോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.

നാലു പേരും ചേര്‍ന്നു സൈക്കിളില്‍ പുറപ്പെട്ടത് ഏതോ ക്രിമിനല്‍ കൃത്യത്തിനാണെന്നാണ് പോലീസില്‍ ലഭിച്ച വിവരം.

നാലുപേരേയും വെടിവെച്ചു കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി നദിയിലെറിഞ്ഞ സംഭവത്തില്‍ സംശയിക്കുന്ന പ്രതിയെ ഡെയ്ട്ടണ്‍ ബീച്ച് (ഫ്‌ലോറിഡ) ഷോറില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹം മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

ഇയാളെ ഫ്‌ളോറിഡയില്‍ നിന്നും ഒക്ക്മുള്‍ഗി കൗണ്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കൊലകുറ്റം ചുമത്തിയിട്ടില്ലെങ്കിലും മോഷണകുറ്റത്തിനാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.