നെടുങ്കണ്ടം: വാഹനത്തെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ പോലീസ്സ്റ്റേഷനിലെത്തിയ യുവാവ് നഷ്ടപരിഹാരമായി കിട്ടിയ നോട്ടുകൾ കീറിയെറിഞ്ഞു. പൊതുമുതൽ നശിപ്പിക്കൽ എന്ന ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് യുവാവിനെ അകത്താക്കി. പാറത്തോട് സബിൻ ഹൗസിൽ പ്രകാശ് (27) ആണ് വാദിയായി സ്റ്റേഷനിലെത്തി, പിന്നെ പ്രതിയായി മാറിയത്.

പ്രകാശും സുഹൃത്തായ ശരത്കുമാറും ചേർന്ന് സമീപകാലത്ത് ഒരു വാഹനം വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ശരത്കുമാറും സാഹായിയും ചേർന്ന് പ്രകാശിനെ അറിയിക്കാതെ വാഹനം കൊണ്ടുപോയി. ഇതേത്തുടർന്നുള്ള തർക്കം പരിഹരിക്കാനാണ് പ്രകാശ് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ശരത്തിനെയും വിളിച്ചുവരുത്തി. വാഹനവുമായി ശരത്ത് എത്തിയപ്പോൾ ടൂൾകിറ്റ് കാണുന്നില്ലെന്നുപറഞ്ഞ് പ്രകാശ് പ്രശ്നമുണ്ടാക്കി. അതിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ച പോലീസ് 12,000 രൂപ ശരത്തിൽനിന്ന് വാങ്ങി പ്രകാശിന് നൽകുകയും ചെയ്തു. ഇതിനിടെ ശരത്തുമായി ചില്ലറ വാക്കേറ്റമുണ്ടായ പ്രകാശ് നഷ്ടപരിഹാരത്തിൽനിന്ന് മൂന്ന് അഞ്ഞൂറിന്റെ നോട്ട് കീറി മുകളിെേലക്കറിഞ്ഞു. ഇത് കണ്ടുനിന്ന പോലീസ് ഉടൻ പ്രകാശിനെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. തർക്കത്തിന് കാരണമായ വാഹനം പോലീസ്സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.