സുപ്രീം കോടതിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് ആണ് പുതിയ ബെഞ്ചിന് ചുമതല നൽകിയത്. ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഇനി കേസ് പരിഗണിക്കുക. നേരത്തേ ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാൻവിൽക്കർ വിരമിച്ച പശ്ചാത്തലത്തിലാണ് നടപടി.നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ബെഞ്ചിൽ ജസ്റ്റിസ് ദിനേശും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. അതിനിടെ കേസിലെ വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വർഗീസ് സുപ്രീം കോടതിയെ സമീപിച്ചു.

വിചാരണ കോടതി ജഡ്ജിയെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് കേസിൽ ഹൈക്കോടതിയിൽ രഹസ്യവാദം തുടരുന്നതിനിടെയാണ് ഇപ്പോൾ വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കോടതി മാറ്റം നിയമവിരുദ്ധമാണെന്നായിരുന്നു നടി ആരോപിച്ചത്. മാത്രമല്ല വിചാരണ കോടതി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവിന് എട്ടാം പ്രതിയുമായി ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. താൻ നൽകിയ പല ഹർജികളിലും നീതിപൂർവ്വമായല്ല നടപടിയല്ല ജഡ്ജി സ്വീകരിച്ചതെന്നും നടി ആരോപിച്ചിരുന്നു.

കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിന് കൂടുതൽ സമയം വേണ്ടതുണ്ടെന്ന് കാണിച്ചാണ് വിചാരണ കോടതിയുടെ നീക്കം. ആറ് മാസം കൂടി അധിക സമയം വേണമെന്നാണ് ആവശ്യം. വിചാരണ കോടതിയുടെ ആവശ്യം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു 2019 ൽ ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ പിന്നീട് കേസിൽ പുരോഗതി ഉണ്ടായ സാഹചര്യത്തിൽ വിചാരണ നീണ്ടുപോകുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്ന് വരവോടെ കേസിൽ തുടരന്വേഷണം നടന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ബാലചന്ദ്രകുമാർ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും. കേസിൽ വിചാരണ പൂർത്തിയാക്കാൻ വിധി പറയാൻ വിചാരണ കോടതിയെ ജഡ്ജിയെ തടസപ്പെടുന്നുവെന്ന ആരോപണവും ദിലീപ് ഹർജിയിൽ ഉയർത്തുന്നുണ്ട്.