ലതരം ഫോട്ടോഷൂട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡാവാകയും ചര്‍ച്ചയാവുകയും ചെയ്യാറുണ്ട്. ഏതെങ്കിലും സംഭവത്തേയോ സാഹചര്യത്തേയോ ഫോട്ടോകളില്‍ കോര്‍ത്തിണക്കി കഥപറയുന്ന കണ്‍സെപ്റ്റ് ഫോട്ടോ സ്റ്റോറികളും അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. എന്നാല്‍, അത്തരത്തിലൊരു പരീക്ഷണം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മലയാളിയായ മോഡല്‍ അന്‍ഷ മോഹന്‍.

കഴിഞ്ഞ സ്വാതന്ത്യദിനത്തിന്റെ പിറ്റേന്ന്, ആകെ മൊത്തം ‘കറുപ്പിച്ച’ മേക്കോവറുമായി നഗരത്തില്‍ പൂവും ദേശീയ പതാകയും വില്‍ക്കാന്‍ ഇറങ്ങിയതിന്റെ ചിത്രം താരം സ്വന്തം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിനും തുടര്‍ന്ന് പങ്കുവെച്ച ചിത്രങ്ങള്‍ക്കും താഴെയാണ് വിമര്‍ശന കമന്റുകള്‍ വരുന്നത്. ഫോട്ടോഷൂട്ടിന്റെ മേക്ക് ഓവര്‍ വീഡിയോയും ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയും മോഡല്‍ പുറത്തുവിട്ടിരുന്നു. ഇവയ്ക്കും വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

നിറത്തിന്റെ പേരിലുള്ള വേര്‍തിരവാണെന്നാണ് പ്രധാനമായും സോഷ്യല്‍ മീഡിയ വിമര്‍ശനം. ബോധപൂര്‍വ്വമായ വംശീയാധിക്ഷേപമാണെന്നും ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തു. പറക്കും തളിക സിനിമയിലെ ബാസന്തിയെ ഓര്‍മ്മിപ്പിച്ച് മോഡല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വിമര്‍ശനമുണ്ടായിരുന്നു. എന്നെ ട്രോളാന്‍ ഞാന്‍ തന്നെയുണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച് വീഡിയോയ്ക്കു താഴെ, ഇതില്‍ തമാശയായി ഒന്നുമില്ലെന്നും എല്ലാ തലത്തിലും തെറ്റായ ആശയമാണ് ചിത്രം നല്‍കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി. ദാരിദ്രത്തിന്റെ നിറം കറുപ്പാണെന്ന് ആരുപറഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം, താരത്തിന് പിന്തുണയുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. താരം നടത്തിയ മേക്കോവറിനേയും അതിന്റെ പിന്നിലെ കഠിനധ്വാനത്തേയും പലരും പുകഴ്ത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ഫോട്ടോഗ്രാഫര്‍ക്കും കൈയ്യടിച്ചവരും നിരവധി. ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടുന്ന ‘പവര്‍ഫുളായ’ കണ്‍സെപ്റ്റ് ആണ് ഇതെന്നും ചിലര്‍ കമന്റ് ചെയ്തു. കോഴിക്കോട് സ്വദേശിയാണ് മോഡല്‍ അന്‍ഷ മോഹന്‍. ബിനു സീന്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍.