ന്യൂയോര്‍ക്ക്: മങ്കിപോക്‌സ്് രോഗബാധയ്‌ക്കെതിരേയുള്ള പ്രതിരോധമരുന്ന് കുത്തിവയ്ക്കുന്നതിന് നൂതനമാര്‍ഗം ഉപയോഗിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ അനുമതി നല്‍കി. പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നിന്റെ കുറവ് പരിഹരിക്കുന്നതിനാണ് പുതിയ രീതി സ്വീകരിക്കാന്‍ ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.

പ്രതിരോധകുത്തിവയ്പ് തൊലിക്കടിയില്‍ നല്‍കാനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുവഴി നിലവിലുള്ള പൂര്‍ണ ഡോസ് മരുന്നിനു പകരം അഞ്ചിലൊന്നു അളവ് മാത്രമേ വേണ്ടിവരികയുള്ളൂ. മങ്കിപോക്‌സിനുള്ള പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന്ക്ഷാമത്തിന് ഈ മാര്‍ഗം താല്‍കാലിക പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി മങ്കിപോക്‌സിനെ കഴിഞ്ഞയാഴ്ച അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യ, സേവന വിഭാഗം പുതിയ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. ഈ വകുപ്പിന്റെ ഏറ്റവും പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മങ്കിപോക്‌സ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും മങ്കിപോക്‌സിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി രണ്ടംഗ ഉദ്യോഗസ്ഥ സംഘത്തെ പ്രസിഡന്റ് ജോ ബൈഡന്‍ നിയോഗിച്ചിരുന്നു.

മങ്കിപോക്‌സ് വൈറസ് ബാധ കണ്ടെത്തിയ എണ്‍പതിലേറെ രാജ്യങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം 27,800 ലധികം കടന്നതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 1958 ലാണ് ഈ വൈറസ്ബാധ ആദ്യമായി കുരങ്ങുകളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നുഷ്യരിലേക്കു പകര്‍ന്ന ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പനി, ശരീരവേദന, പഴുപ്പുനിറഞ്ഞ ക്ഷതങ്ങള്‍ മുതലായവയാണ്. രണ്ടുമുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ രോഗബാധിതര്‍ സുഖംപ്രാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ലാകാരോഗ്യ സംഘടന വ്യക്തമാക്കി.