ഒരിക്കല്‍ കൂടി മലയാളത്തിന്റെ ക്ഷണം പ്രതീക്ഷിച്ചിരുന്നു,കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടി ചിത്ര. തമിഴില്‍ സീരിയലുകളില്‍ സജീവമായിരിക്കുമ്ബോഴും മലയാളത്തില്‍ അഭിനയിക്കാനാനായിരുന്നു ഇഷ്ടമേറെ. ”ഇപ്പോള്‍ മലയാള സിനിമയിലുള്ളവര്‍ എന്നെ മറന്നതു പോലെ. പക്ഷേ, പ്രേക്ഷകര്‍ എന്നെ മറക്കില്ല. ആ നാടുമായും മലയാളികളുമായും അത്രയേറെ ബന്ധമുണ്ടെനിക്ക്” മരണത്തിന് രണ്ടു നാള്‍ മുമ്ബ് ഒരു സുഹൃത്തിനോട് ചിത്ര പറഞ്ഞു. 2002ല്‍ ആഭരണചാര്‍ത്ത് എന്ന മലയാള സിനിമയില്‍ അഭിനയിച്ച്‌ ചെന്നൈയിലേക്ക് മടങ്ങിയ ചിത്രയെ പിന്നെ ആരും മലയാളത്തിലേക്ക് വിളിച്ചില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ചിത്ര അഭിനയിച്ച 137 സിനിമകളില്‍ 84 എണ്ണവും മലയാളത്തിലായിരുന്നു. തെന്നിന്ത്യയിലെ മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചു.

സിനിമയിലെ തുടക്കം തന്നെ നാടകീയമായിരുന്നു. 12 വയസുള്ളപ്പോള്‍ ചെന്നൈയിലെ മൈലാപൂരിലെ വലിയൊരു ആള്‍ക്കൂട്ടം കണ്ട് അവിടെയെത്തി. കമലഹാസനും രജനീകാന്തും ശ്രീവിദ്യയും തകര്‍ത്തഭിനയിച്ച ‘അപൂര്‍വരാഗങ്ങളു’ടെ ഷൂട്ടിംഗാണ്. തിരക്കിനിടയില്‍ ആരോ പിടിച്ചു തള്ളി. അവള്‍ ചെന്നു വീണത് സംവിധായകന്‍ കെ.ബാലചന്ദറിനു മുന്നില്‍. പരിഭ്രമിച്ച പെണ്‍കുട്ടിയെ ആദ്ദേഹം ആശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ രാജഗോപാലിനോട് സംസാരിച്ചു. അടുത്ത ദിവസം ഒരു സീനില്‍ അഭിനയിപ്പിച്ചു. ആദ്യം നായികയായത് ‘ആട്ടക്കലാശ’ത്തില്‍. മോഹന്‍ലാലായിരുന്നു നായകന്‍. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മേരിക്കുട്ടി എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കി. തുടര്‍ന്ന് ഇവിടെ ഇങ്ങനെ, പാവം പൂര്‍ണിമ, കഥ ഇതുവരെ, പാവം ഞാന്‍, കഥ ഇതുവരെ, മാന്യമഹാജനങ്ങളെ, ഉയരും ഞാന്‍ നാടാകെ തുടങ്ങിയ നിറയെ ചിത്രങ്ങള്‍. തമിഴ് സിനിമയിലും തിരക്കായി. കമലഹാസനൊപ്പം രാജ പാര്‍വൈ, വിജയകാന്തിന്റെ ഓട്ടോരാജ, പ്രഭുവിന്റെ ചിന്നപ്പൂവൈ മെല്ലെ പേശ്, രജനികാന്തിനൊപ്പം ഊര്‍ക്കാവലന്‍…

തുടക്കത്തില്‍ പ്രേക്ഷകര്‍ കണ്ടത് മെലിഞ്ഞ സുന്ദരിയായ ചിത്രയെയായിരുന്നു. പിന്നീട് പ്രകൃതം മാറി. തടിച്ചു. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു. ”രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ… വണ്ണം വച്ചു. പല സിനിമകളിലും മുണ്ടും ബ്ലൗസുമണിഞ്ഞ് സീന്‍ ഷൂട്ട്‌ചെയ്യുമ്ബോള്‍ വളരെ അസ്വസ്ഥയായിരുന്നു. ശരിയായ വ്യായാമമോ കൃത്യസമയത്തുള്ള ഭക്ഷണമോ ഇല്ല. അന്നതൊക്കെ പറഞ്ഞുതരാനും ആരുമില്ല…”, ചിത്ര അക്കാലത്ത് പറഞ്ഞതിങ്ങനെ.

1991ല്‍ മമ്മൂട്ടിയുടെ നായികയായി അമരത്തിലെ ചന്ദ്രികയേയും, 1992ല്‍ മോഹന്‍ലാലിന്റെ നായികമാരിലൊരാളായി കയര്‍ത്തൊഴിലാളിയായ കാര്‍ത്തികയേയും മികവുറ്റതാക്കി. അടുത്ത വര്‍ഷം സുരേഷ്ഗോപിയുടെ ജോഡിയായി ‘പൊന്നുച്ചാമി’യില്‍ വേഷമിട്ടു. പിന്നീട് തേടിയെത്തിയ വേഷങ്ങളധികവും നെഗറ്റീവ് ടച്ചുള്ളതായിരുന്നു.. ”പ്രശസ്തിയാണ് സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. സിനിമ എന്റെ ശരിയായ വഴിയായിരുന്നു. അത് അറിയാതെ എന്നെ തേടി വന്നു.” ഈയിടെ ഒരഭിമുഖത്തില്‍ ചിത്ര പറഞ്ഞു.