കാബൂള്‍ ; താലിബാന്‍ ഭീകരരെ നിരീക്ഷിച്ച്‌ കാബൂളില്‍ അമേരിക്കന്‍ വ്യോമ സേനാ പോര്‍വിമാനങ്ങള്‍. അറബിക്കടലിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്‌എസ് റൊണാള്‍ഡ് റീഗണില്‍ നിന്നാണ് പോര്‍വിമാനങ്ങളില്‍ പലതും പറന്നുയരുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം സുരക്ഷിതമായി പൂര്‍ത്തിയാക്കുകയാണ് പോര്‍വിമാനങ്ങളുടെ ലക്ഷ്യം.

കാബൂള്‍ നഗരത്തിനു മുകളിലൂടെ വളരെ താഴ്ന്ന് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ പറക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പൗരന്മാരേയും സൈനികരെയും സംരക്ഷിക്കാനാണെന്നായിരുന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രം 5,200 സൈനികരെയാണ് പോര്‍വിമാനങ്ങളിലും ഹെലിക്കോപ്റ്ററുകളിലുമായി അമേരിക്ക എത്തിച്ചത്. 7,000 അമേരിക്കന്‍ സൈനികരാണ് കാബൂള്‍ വിമാനത്താവളത്തിന്റെ മാത്രം സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ യുഎസ്‌എസ് റൊണാള്‍ഡ് റീഗണ്‍ അറബിക്കടലില്‍ വിന്യസിച്ചിരുന്നു. എഫ്/എ18, എഫ് 16, എവി 8 പോര്‍വിമാനങ്ങള്‍, എസി 130 പടക്കപ്പല്‍, ബി52 എംക്യു 9 നിരീക്ഷണ ഡ്രോണുകള്‍ എന്നിവയെല്ലാം കാബൂളിന്റെ ആകാശത്ത് സജീവമാണ്. ഇവയ്‌ക്ക് പുറമേ കൂടുതല്‍ പേരെ അഫ്ഗാന് പുറത്തെത്തിക്കുന്നതിന് സി 17എസ്, സി 130 എന്നീ യാത്രാ ജെറ്റുകളും കാബൂളിലേക്ക് പറക്കുന്നുണ്ട്.