കൊളംബോ: തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന പിടികൂടി.
രാമനാഥപുരം ജില്ലയിലെ വേദലെ മേഖലയിൽ നിന്നുള്ള റഹ്മാൻ അലി(42), ഗജിനി മുഹമ്മദ്(36), ബുർഹാൻ(48) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 92.5 കിലോഗ്രാം കഞ്ചാവ് ഓയിൽ കണ്ടെത്തി.
ലഹരിമരുന്ന് മറ്റൊരാൾക്ക് കൈമാറാനായി കടലിൽ കാത്തുനിൽക്കെയാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരെ തലൈമന്നാർ നാവിക ക്യാമ്പിലേക്ക് മാറ്റിയതായും കോടതിയിൽ ഹാജരാക്കിയതായും അധികൃതർ വ്യക്തമാക്കി.



