തമിഴ്‌നാട്ടില്‍ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാണ ഫാക്ടറി നിര്‍മാണം ആരംഭിച്ച ഒല. 100 ഗിഗാവാട്ടിന്റെ ഫാക്ടറിയാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഒല തുറക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ രാജ്യത്തെ ഏറ്റവുംവലിയ ഗിഗാഫാക്ടറിയായിരിക്കും ഇതെന്ന് ഒല വ്യക്തമാക്കി.
വൈദ്യുതവാഹനങ്ങള്‍ക്കുവേണ്ട സെല്ലും ഘടകങ്ങളും നിര്‍മിക്കുന്ന സമുച്ചയത്തെയാണ് ഗിഗാഫാക്ടറി എന്നു വിളിക്കുന്നത്.

സേലത്തിന് സമീപമുള്ള കൃഷ്ണഗിരി ജില്ലയില്‍ 115 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മിക്കുന്നത്. ഇലക്ട്രിക് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, സെല്‍ എന്നിവയുടെ നിര്‍മാണത്തിനായി 7614 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഒല ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ഫാക്ടറി നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രത്യക്ഷവും പരോഷവുമായി 25,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് ഒല അധികൃതര്‍ അവകാശപ്പെടുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കാറുകളും ഇവയ്ക്കുള്ള ബാറ്ററികളും നിര്‍മിക്കുന്നതിനുള്ള സൗകര്യ വികസനത്തിനായി ഒല അടുത്തിടെ തമിഴ്‌നാട് സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഒല ഒരു ഇലക്ട്രിക് വെഹിക്കിള്‍ ഹബ്ബ് സ്ഥാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.