തമിഴക വെട്രി കഴകം മേധാവി സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.

വെളുത്ത ഷർട്ടും കറുത്ത പാൻറും ധരിച്ചെത്തിയ താരം സ്റ്റേഡിയത്തിനുള്ളിൽ തടിച്ചുകൂടിയ ആരാധകരുടെ കരഘോഷത്തിനിടയിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

“ഞാൻ, സി ജോസഫ് വിജയ്” എന്ന വരി പറഞ്ഞതോടെ കരഘോഷം ഇരട്ടിയായി. സത്യപ്രതിജ്ഞാ ചടങ്ങ് വികാരത്തിന്റെയും, രാഷ്ട്രീയ നാടകത്തിന്റെയും ഒരു ആവേശകരമായ മിശ്രിതമായിരുന്നു. കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്ത് തൃഷ, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ എന്നിവരെ സാക്ഷിയാക്കിയാണ് തമിഴകത്ത് വിജയ് പുതുയുഗത്തിന് തുടക്കമിട്ടത്.