കറാച്ചി: നൂറില്‍ അധികം യാത്രക്കാരുമായി കഴിഞ്ഞ ആഴ്ച പാകിസ്ഥാനില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടത്തിന്റെ ഇടയില്‍ നിന്ന് അന്വേഷണ സംഘം മൂന്ന് കോടി രൂപ കണ്ടെടുത്തു. അവശിഷ്ടത്തിന് അടിയില്‍ നിന്ന് രണ്ട് ബാഗുകളിലായാണ് പണം കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിലെ കറന്‍സിയാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവളത്തിലെ സുരക്ഷ ക്രമീകരണങ്ങളും ക്യാമറകളുടെയും കണ്ണ് വെട്ടിച്ച്‌ ഇത്രയധികം തുക എങ്ങനെ വിമാനത്തില്‍ എത്തിയത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതിന് ശേഷം ബാഗുകളും മറ്റും കുടുംബങ്ങളെ ഏല്‍പ്പിക്കുന്നതിനുള്ള സംവിധാനം ഒറുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരും ജീവനക്കാരും അടക്കം 97 പേരാണ് വിമാന അപകടത്തില്‍ മരിച്ചത്. 47 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 43 മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ 320 വിമാനമാണ് തകര്‍ന്ന് വീണത്. വവിമാനം ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയതായിരുന്നു. ലാന്‍ഡിംഗിന് തൊട്ട് മുന്‍പാണ് അപകടം. വിമാനം കറാച്ചി വിമാനത്താവളത്തിന് തൊട്ട് മുന്‍പുളള ജനവാസ കേന്ദ്രത്തിന് മുകളിലേക്കാണ് തകര്‍ന്ന് വീണത്. വിമാനം വീണ കോളനിയിലെ അഞ്ച് വീടുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ കോളനിക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 107 പേരുണ്ടായിരുന്നതായി പിഐഎ വക്താവ് അബ്ദുള്‍ സത്താര്‍ അറിയിച്ചിരുന്നു.

കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഏതാനും മിനുറ്റുകള്‍ മാത്രം അവശേഷിക്കവേയാണ് അപകടം. ലാന്‍ഡ് ചെയ്യാനുളള സാങ്കേതിക തകരാറാണ് കെട്ടിടത്തില്‍ ഇടിച്ച്‌ വിമാനം തകര്‍ന്ന് വീഴാനുളള കാരണം എന്നാണ് പ്രാഥമിക നിഗമനം. വിമാനം തകര്‍ന്ന് വീണ ശേഷം പുക പടരുന്നതടക്കമുളള ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. നിരവധി ആളുകള്‍ താമസിക്കുന്ന ഇടത്താണ് വിമാനം തകര്‍ന്ന് വീണിരിക്കുന്നത്.

വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിരുന്നു. ലാഹോറില്‍ നിന്നും ഏഴര മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് വിമാനം കറാച്ചിയില്‍ എത്തിയത്. കൊവിഡ് കാരണം നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പാകിസ്താന്‍ പുനരാരംഭിച്ചത്. 2016ല്‍ പാകിസ്താനിലുണ്ടായ വിമാനാപകടത്തില്‍ നാല്‍പ്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.