കോട്ടയം: ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്തു. കോട്ടയം താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് സംഭവം.

ആലപ്പുഴ വികാസ് ഗാര്‍ഡനില്‍ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തില്‍ പെട്ടത്. ആലപ്പുഴ മുന്‍സിഫ് മജിസ്ട്രേറ്റ് അശ്വതിയുടെ ഭര്‍ത്താവാണ്. കാർ പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ സമീപത്തെ മീനച്ചിലാറ്റിലേക്ക് പതിക്കാതെ വന്‍ ദുരന്തം ഒഴിവായി.

വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.

രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടായതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍ പറയുന്നത്.