യു.എസ് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് കൊളംബിയ പിന്‍വലിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്നാണ് നിലപാട് മാറ്റം. കൊളംബിയക്കെതിരേ ഉപരോധവും അവിടെനിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധികനികുതിയും ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഒരാഴ്ചയ്ക്കുശേഷം നികുതി 50 ശതമാനമാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

തൊട്ടുപിന്നാലെ അതേ താരിഫ് യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നിലപാടില്‍ നിന്ന് പിന്മാറി ട്രംപിന്റെ എല്ലാ നിര്‍ദേശങ്ങളും അനുസരിക്കാമെന്ന് അറിയിക്കുകയായിരുന്നു. കൊളംബിയ അനുവദിക്കാഞ്ഞതോടെ കുടിയേറ്റക്കാരുമായിപ്പോയ രണ്ട് യു.എസ് വിമാനങ്ങള്‍ക്ക് അവിടെ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം യു.എസിനെ വീണ്ടും ലോകം ബഹുമാനിച്ച് തുടങ്ങി എന്നതിന്റെ തെളിവാണ് കൊളംബിയയുടെ നിലപാടുമാറ്റമെന്ന് വൈറ്റ്ഹൗസ് മാധ്യമകാര്യ സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.