തമിഴ്‌നാട്ടിൽ ചരിത്ര വിജയം നേടി ഭരണത്തിലേറുകയും, സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിലാവുകയും ചെയ്ത പുതിയ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയെ ഇന്ന് നടക്കുന്ന ‘ഇന്ത്യാ’ മുന്നണി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വിവരം. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ ടി.വി.കെ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും, ഇക്കാര്യത്തിൽ ഇന്ന് വൈകീട്ടോടെ മാത്രമേ തീരുമാനമുണ്ടാകൂ എന്നുമാണ് സൂചനകൾ.

എന്നാൽ, തമിഴ്‌നാട്ടിൽ ടി.വി.കെയുടെ സഖ്യകക്ഷിയായ കോൺഗ്രസ് വ്യക്തമാക്കിയത്, നിലവിൽ എം.പിമാരുള്ള പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നാണ്. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികൾക്ക് പിന്നാലെ, തന്ത്രങ്ങൾ പുനരാവിഷ്കരിക്കാനും ഐക്യം പ്രകടിപ്പിക്കാനും ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനുമായി പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’ മുന്നണി തിങ്കളാഴ്ച ന്യൂഡൽഹിയിൽ നിർണ്ണായക യോഗം ചേരുകയാണ്. 23 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.