ഏപ്രിൽ മാസത്തിലെ വെടിനിർത്തൽ കരാറിനുശേഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള ഏറ്റുമുട്ടലിൽ, ഇറാൻ്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ മിസൈലാക്രമണം നടത്തി. ഇതേത്തടുർന്ന് തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ ഇറാന്റെ വിവിധ നഗരങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.

മേഖലയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് താനാണെന്നും ടെഹ്‌റാന്റെ മിസൈൽ ആക്രമണങ്ങൾക്ക് എതിരെ പ്രത്യാക്രമണം നടത്തരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നിർദ്ദേശം നൽകിയിരുന്നതായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കടുത്ത ഭീഷണികൾ മുഴക്കിയിരുന്നു. ഏപ്രിൽ 8-ലെ വെടിനിർത്തലിന് ശേഷം ഇരുപക്ഷവും തമ്മിൽ നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണിത്. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് തങ്ങൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്.