പശ്ചിമബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ (ഹോൾഡിംഗ് സെന്ററുകൾ) നിന്ന് 4,800 ഓളം അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. 836 പേർ കൂടി നിലവിൽ നാടുകടത്തൽ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കുന്നതുമാണ് തന്റെ സർക്കാരിന്റെ പ്രധാന മുൻഗണനകളെന്ന് ബി.ജെ.പി പ്രവർത്തരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.
വേലി കെട്ടാൻ ഇനിയും ബാക്കിയുള്ള 556 കിലോമീറ്റർ അതിർത്തിയിൽ, ഏകദേശം 100 കിലോമീറ്ററോളം വരുന്ന ഭാഗത്തെ വേലി നിർമാണത്തിനായി സംസ്ഥാന സർക്കാർ ഇതിനകം തന്നെ ബി.എസ്.എഫിന് ഭൂമി കൈമാറിയിട്ടുണ്ടെന്നും വടക്കൻ ബംഗാളിലെ ‘ചിക്കൻസ് നെക്ക്’ ഇടനാഴിക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ‘ചിക്കൻസ് നെക്ക്’ എന്ന് അറിയപ്പെടുന്ന സിലിഗുരി ഇടനാഴി.



