തൃശൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോണ്‍ വിളിക്കുന്നതിനിടെയാണ് പിടികൂടിയത്. കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും കണ്ടെടുത്തു. ഫോണ്‍ എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിയ്യൂര്‍ പോലീസും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം ഇപ്പോള്‍ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല. അതിനാല്‍, ജയില്‍ അധികൃതര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും.
ഇന്റര്‍നെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാര്‍ട് ഫോണുകള്‍, ഇവ ചാര്‍ജ് ചെയ്യാനുള്ള രണ്ടു പവര്‍ ബാങ്കുകള്‍, ഡേറ്റ കേബിളുകള്‍, മൂന്നു സിം കാര്‍ഡുകള്‍ ഉള്‍പ്പെടെ കൊടി സുനിയുടെ സെല്ലില്‍ നിന്നും ജയിലറുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേയും റെയ്ഡില്‍ പിടിച്ചിരുന്നു.



