മഞ്ചേരി: നഗരത്തിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒന്നേകാല്‍ കോടിയോളം രൂപയുടെ നഷ്ടം. ഓണവിപണി ലക്ഷ്യമിട്ടെത്തിച്ച ഒരു കോടിയോളം രൂപയുടെ സ്റ്റോക്കാണ് കത്തിയമര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
കടയിലെ കമ്ബ്യൂട്ടറുകള്‍, നിരീക്ഷണ കാമറകള്‍, ബില്ലിങ് സാമഗ്രികള്‍ എന്നിവയും പൂര്‍ണമായി നശിച്ചതോടെ കൃത്യമായ കണക്ക് ലഭിക്കുന്നതേയുള്ളൂ. വെളിച്ചെണ്ണ, ഓയില്‍, നെയ്യ് ഉള്‍പ്പടെയുള്ളവയിലേക്ക് തീ പടര്‍ന്നതാണ് നഷ്ടം കൂട്ടിയത്. അരിയും എണ്ണകളും പലവ്യഞ്ജനങ്ങളും അടക്കം വന്‍ശേഖരം തന്നെ കടയിലുണ്ടായിരുന്നു.
13 കടമുറികളിലെ സാധനങ്ങളാണ് നശിച്ചത്. വൈകീട്ട് കട പൂട്ടിപ്പോയ ശേഷം രാത്രി എട്ടോടെയാണ് അഗ്നിബാധയുണ്ടായത്. കോവിഡ് പ്രതിസന്ധിക്കിടെ ലഭിച്ച ഓണം സീസണാണ് തീപിടിത്തത്തോടെ നഷ്ടമായത്. 12 ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്.
സ്ഥാപനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് കടയുടമ ചെരണി സ്വദേശി ചോല ഉമ്മര്‍ പറഞ്ഞു. മഞ്ചേരി, മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ, നിലമ്ബൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷ സേന യൂനിറ്റുകളെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂര്‍ണമായി അണച്ചത്. സ്ഥാപന ഉടമയെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും അധികൃതര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് ജനറല്‍ സെക്രട്ടറി നിവില്‍ ഇബ്രാഹീം ആവശ്യപ്പെട്ടു.
മഞ്ചേരി: നഗരസഭ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നഗരസഭക്കുണ്ടായ നഷ്ടം പരിശോധനക്ക് ശേഷം കണക്കാക്കുമെന്ന് സെക്രട്ടറി പി. സതീഷ്കുമാര്‍. പ്രത്യക്ഷത്തില്‍ കെട്ടിടത്തിെന്റ ഷട്ടറുകള്‍ മാത്രമാണ് തകര്‍ന്നതായി കണ്ടെത്തിയിട്ടുള്ളത്.
ചുമരുകള്‍ക്കൊന്നും കേടുപാടുകള്‍ ഇല്ലെന്നാണ് വിവരം. തീപിടിത്തത്തില്‍ നശിച്ച സാധനങ്ങള്‍ കടയില്‍ അലക്ഷ്യമായി കിടക്കുകയാണ്. ഇത് വരുംദിവസങ്ങളില്‍ മാറ്റുമെന്ന് കടയുടമ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം തിങ്കളാഴ്ച നഗരസഭ പരിശോധന നടത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.



