തെന്നിന്ത്യൻ സിനിമയെ ഞെട്ടിച്ചാണ് നടൻ ചിരഞ്ജീവി സർജ വിട പറഞ്ഞത്. 2020 ജൂൺ ഏഴിന് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. അന്ന് നാല് മാസം ഗർഭിണിയായിരുന്ന ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്നാ രാജിന് ആ വിയോഗം താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ അവർ കടന്നുപോയി.
ഒടുവിൽ 2020 ഒക്ടോബർ 22-ന് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവന് റയാൻ രാജ് സർജ എന്നു പേരു നൽകി. കുഞ്ഞിന്റെ ചിരിയും കളിയുമെല്ലാം മേഘ്നയെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവർ സോഷ്യൽ മീഡിയയിൽ സജീവമായി. ചീരുവിനെ കുറിച്ചുള്ള ഓർമകൾ ആരാധകരുമായി പങ്കുവെച്ചു. മകന്റെ മനോഹരമായ വീഡിയോകൾ പോസ്റ്റ് ചെയ്തു. പതുക്കെ മോഡലിങ് ചെയ്യാൻ തുടങ്ങി. റിയാലിറ്റി ഷോയുടെ ജഡ്ജായും സിൽവർ സ്ക്രീനിലെത്തി.
ഇതിനിടയിലും അവർ പലരിൽ നിന്നും പല തരത്തിലുള്ള കുത്തുവാക്കുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ അതേകുറിച്ചെല്ലാം തുറന്നുപറയുകയാണ് മേഘ്ന. ‘ബോളിവുഡ് ബബ്ൾ’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഘ്ന ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്.
ഭർത്താവ് മരണപ്പെടുമ്പോൾ ഒരു സ്ത്രീ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്ന പറയുന്നു. ചീരുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ തകർത്തുകളഞ്ഞെന്നും അതിൽ നിന്ന് ഏറെ സമയമെടുത്താണ് കര കയറിയതെന്നും അവർ വ്യക്തമാക്കുന്നു.
ഭർത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്താൽ പോലും വിമർശനങ്ങൾ വന്നിരുന്നുവെന്നും മേഘ്ന പറയുന്നു. ‘ഈ അടുത്തായി ഞാൻ ബർഗർ കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലേചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്. ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലർ ‘ഓ, നിങ്ങൾ ചിരുവിനെ മറന്നുവല്ലേ’ എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചീരുവിനോട് എനിക്ക് എത്രത്തോളം സ്ഹേനമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ല’- മേഘ്ന പറയുന്നു.
വീണ്ടുമൊരു വിവാഹം എന്നതിനെ കുറിച്ചും മേഘ്ന അഭിമുഖത്തിൽ പറയുന്നുണ്ട്. അങ്ങനെയൊരു കാര്യം താൻ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഓരോ നിമിഷത്തിലും ജീവിക്കാനാണ് ചീരു പഠിപ്പിച്ചതെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് താൻ വേവലാതിപ്പെടാറില്ലെന്നും അവർ പറയുന്നു.
‘എന്നാൽ സമൂഹത്തിന്റെ മാനസികാവസ്ഥ അങ്ങനെയല്ല. ചിലർ എന്നോട് വീണ്ടും വിവാഹം ചെയ്യാൻ ഉപദേശിക്കും. എന്നാൽ മറ്റു ചിലർ പറയും നീ നിന്റെ കുഞ്ഞുമൊത്തുള്ള ജീവിതത്തിൽ സന്തോഷവതിയാണെന്ന് ഞങ്ങൾക്കറിയാം എന്ന്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്കൊന്നും ഞാൻ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിൽ മാത്രമാണ് ഞാൻ മുന്നോട്ടുപോകുന്നത്.’ മേഘ്ന വ്യക്തമാക്കുന്നു.



