മാതൃത്വവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ ബദ്ധപ്പാട് ഒരു സ്ത്രീക്കുമാത്രമേ അറിയൂവെന്ന് ഹൈക്കോടതി. അമ്മയാകുന്ന സ്ത്രീയുടെ ജീവിതം കഠിനമാണെന്നും അവള്‍ ജോലിക്കാരിയാണെങ്കില്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ പ്രസവാവധി നിഷേധിക്കുകയും അനധികൃത അവധിയിലാണെന്ന് ആരോപിച്ച്‌ പിരിച്ചുവിടുകയും ചെയ്ത യുവതിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

അവധി നിഷേധിച്ചെന്നും പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാണിച്ച്‌ കൊല്ലം ശിശുസംരക്ഷണ ഓഫീസിലെ കൗണ്‍സലര്‍ വന്ദന ശ്രീമേധയാണ് കോടതിയെ സമീപിച്ചത്. യുവതിയെ ഉടന്‍ തിരിച്ചെടുക്കാനും അവധി അപേക്ഷ പരിഗണിക്കാനും കോടതി വനിതാ–-ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2016ല്‍ ദിവസവേതനത്തില്‍ ജോലിയില്‍ പ്രവേശിച്ച യുവതി, ഈവര്‍ഷം ജനുവരി 17 വരെ ജോലി ചെയ്തു. കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് മൂന്നുമാസത്തെ അവധി ലഭിച്ചു. വീണ്ടും തുടര്‍നിയമനം ലഭിച്ച യുവതി, മൂന്നുമാസംകൂടി അവധിക്ക് അപേക്ഷിച്ചു. 51 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടണമെന്ന് ഡോക്ടറുടെ നിര്‍ദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവധി അപേക്ഷ. അപേക്ഷ തള്ളിയ ഡയറക്ടര്‍, അനധികൃത അവധിയിലാണെന്ന് ആരോപിച്ച്‌ പിരിച്ചുവിടുകയും പുതിയ നിയമനം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.താല്‍ക്കാലിക ജീവനക്കാര്‍ക്ക് ചട്ടപ്രകാരം കൂടുതല്‍ അവധിക്ക് അവകാശമില്ലെന്നും അവധി ഒരു അവകാശമായി ജീവനക്കാര്‍ക്ക് ഉന്നയിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അമ്മയുടെ സാന്നിധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാകില്ലെന്നും അതുകൊണ്ടാണ് അമ്മമാര്‍ക്ക് പ്രസവാവധി അനുവദിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

സാഹചര്യം വിലയിരുത്തി അവധി അനുവദിക്കേണ്ടതിനുപകരം ഹര്‍ജിക്കാരിയെ പിരിച്ചുവിട്ട നടപടി അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി വിലയിരുത്തി. ഒഴിവ് നികത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ തുടരാമെന്നും അവധിക്കാലത്തെ ശമ്ബളം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അവധി അപേക്ഷ പരിഗണിക്കാനും യുവതിയെ കേട്ട് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു. ഈവര്‍ഷം മാര്‍ച്ച്‌ 23നുശേഷമുള്ള യുവതിയുടെ സര്‍വീസ് ക്രമപ്പെടുത്തുന്നത് പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.