ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിന് എത്തിയ ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളിന് പ്രവാസി കേരള കോൺഗ്രസ് പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ന്യൂയോർക്കിൽ സ്വീകരണം നൽകി.
യോങ്കേഴ്സിൽ നടന്ന ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി.വർഗീസ് അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോസഫ് കാഞ്ഞമല (വൈസ് മെൻ ക്ലബ്), ഷോളി കുമ്പിളുവേലി (ഫോമാ), ആന്റോ കണ്ണാടൻ(ഫൊക്കാന), ഷാജി സഖറിയ (എസ്ബി കോളജ് പൂർവ വിദ്യാർഥി സംഘടന), ജോഫ്രിൻ ജോസ് (ഇന്ത്യ കാത്തിലിക് അസോസിയേഷൻ) തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണെന്ന് മറുപടി പ്രസംഗത്തിൽ ജോബ് മൈക്കിൾ പറഞ്ഞു. കോവിഡ് കാലത്തും പ്രളയം വന്നപ്പോഴും അമേരിക്കൻ മലയാളികൾ നൽകിയ സഹായങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തുടർന്നും സഹകരണം ഉണ്ടാവണമെന്നും മന്ത്രി അഭ്യർഥിച്ചു. ജോസ് മലയിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു.



