സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള കുടിശ്ശിക തീർക്കുന്നതിനായി തങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനം വേണ്ടെന്നു വെക്കാൻ തെലങ്കാനയിലെ മന്ത്രിമാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. പെൻഷൻ ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഈ ചെലവ് ചുരുക്കൽ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ജീവനക്കാരുടെ കുടിശ്ശിക തീർക്കാൻ 100 ദിവസത്തെ കർമ്മപദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. വിരമിക്കൽ ആനുകൂല്യങ്ങളും കുടിശ്ശികയും ഉൾപ്പെടെ ഏകദേശം 14,000 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ഇതിൽ 6,200 കോടി രൂപ നിലവിലുള്ള ജീവനക്കാർക്കും 8,000 കോടി രൂപ വിരമിച്ച ജീവനക്കാർക്കുമാണ് നൽകാനുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.