വാഷിംഗ്ടണ്‍: പാലസ്തീന്‍ തടവുകാരെ സൈനികര്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇസ്രായേലിനോട് ഇത് സംബന്ധിച്ച് അന്വേഷിക്കമെന്ന് യു.എസ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ചാനല്‍ 12 പുറത്തുവിട്ട വീഡിയോയില്‍ ഗാസ യുദ്ധത്തില്‍ ഇസ്രായേല്‍ തടവിലാക്കിയ പാലസ്തീനികളെ പാര്‍പ്പിച്ചിരിക്കുന്ന തടവ് കേന്ദ്രത്തില്‍ നിന്ന് ഒരു തടവുകാരനെ സൈനികര്‍ തിരഞ്ഞെടുക്കുന്നതായി കാണിക്കുന്നു. ഇസ്രായേല്‍ സൈനികര്‍ തടവുകാരനോട് ലൈംഗിക അധിക്രമം നടത്തുന്നതായാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്. ജയിലിലെ ലൈംഗികാതിക്രമം എന്ന രീതിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയെപ്പറ്റി അന്വേഷിക്കണമെന്നാണ് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
”തടവുകാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വീഡിയോയും റിപ്പോര്‍ട്ടുകളും ഭയാനകമാണെന്ന് ഞങ്ങള്‍ കണ്ടു.”- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം മോചിതരായ പാലസ്തീന്‍ തടവുകാര്‍ ആരോപിക്കുന്ന കസ്റ്റഡി പീഡനം, ബലാത്സംഗം, മറ്റ് ദുരുപയോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പതിവ് ആരോപണങ്ങള്‍ ഇസ്രായേലി അധികാരികള്‍ നിഷേധിച്ചു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം പാലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ‘പീഡനത്തിന്റെ വര്‍ദ്ധന’യെക്കുറിച്ച് ഈ ആഴ്ച യുഎന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. എഎഫ്പിയുമായി ബന്ധപ്പെട്ട ഇസ്രായേല്‍ സൈനിക വക്താവ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് പറഞ്ഞു.
എല്ലാ കേസുകളിലും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ട്. ആരോപണവിധേയമായ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍, ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്നവരെപ്പറ്റി അന്വേഷിക്കാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് നടപടിയെടുക്കേണ്ടതുണ്ട്. ഇസ്രായേല്‍ സൈനിക അന്വേഷണം വേഗത്തില്‍ മുന്നോട്ട് പോകണമെന്ന് മില്ലര്‍ വ്യക്തമാക്കി.



