ചെന്നൈ: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്റെ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്നെ സ്വീകരിക്കാനെത്തിയ ചെണ്ടമേളക്കാര്‍ക്കൊപ്പം മമത ചെണ്ടകൊട്ടി താളം പിടിക്കുന്നതാണ് വീഡിയോ. മേളക്കാരെ കണ്ടതോടെ ആദ്യം കൂപ്പുകൈകളോടെ മമത അഭിവാദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ ട്വിറ്ററില്‍ ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തുന്നത്.
മമത ബാനര്‍ജി സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നത് ഇതാദ്യമല്ല. ദുര്‍ഗാപൂജ കാര്‍ണിവലിനിടെ നാടോടി നര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നതാണ് ഇതിന് മുമ്പ് ശ്രദ്ധ നേടിയ സംഭവം. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ ആഘോഷവേളയില്‍ ഗോത്ര നര്‍ത്തകര്‍ക്കൊപ്പമാണ് മമത ചുവട് വെച്ചത്.
ബുധനാഴ്ച ഭവാനിപോരില്‍ ടിഎംസി കൗണ്‍സിലര്‍ ആഷിം ബോസിന്റെ ദുര്‍ഗാപൂജ ഉദ്ഘാടനം ചെയ്യുന്നതിനിടെ മമമ ഗര്‍ബ കളിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. നേരത്തെ സ്വാതന്ത്ര്യദിന പരിപാടിയില്‍ നാടന്‍ കലാകാരന്മാര്‍ക്കൊപ്പം നൃത്തം ചെയ്തതും ജനശ്രദ്ധ നേടി. ആഗസ്റ്റ് 15-ന് കൊല്‍ക്കത്തയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നാടോടി കലാകാരന്മാര്‍ക്കൊപ്പം കൈകോര്‍ത്താണ് മമത നൃത്തം ചെയ്തത്.



