ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് പ്രഥാമിക അംഗത്വം ഉള്‍പ്പെടെ മുഴുവന്‍ പദവികളില്‍നിന്നും രാജിവച്ചുള്ള കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന അദ്ദേഹം പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നതിന് ശബ്ദമുയര്‍ത്തിയ ജി 23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു.
ജമ്മു കാഷ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജിവച്ചത്. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള നേതാവിനെ സംസ്ഥാന ഘടകത്തില്‍ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് സാമൂഹിക സേവനത്തില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.



