ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെക്കുകയായിരുന്നു.
34 വയസ് പ്രായമുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരിയായ യുവതിയാണ് മരണപ്പെട്ടത്. ലിസ്ബണിലെ ആശുപത്രിയില്‍ നവജാത ശിശു പരിപാലന വിഭാഗത്തില്‍ സ്ഥലമില്ലാത്തതിനാല്‍ സാന്റാമരിയയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ വെച്ച് നില വഷളാവുകയായിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ മരണത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
കൊവിഡ് കാലത്തും തുടര്‍ന്ന് രാജ്യത്ത് വാക്സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്തതിനും ആരോഗ്യമന്ത്രിയായ മാര്‍ത്ത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ അഭാവം മൂലം അടിയന്തര പ്രസവ സേവനങ്ങള്‍ താല്കാലികമായി അടച്ചിട്ടതാണ് തിരിച്ചടിയായത്.
മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ച് പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോഗ്യമന്ത്രിയുടെ സേവനത്തിന് നന്ദി പറയുകയും ചെയ്തു. യുവതിയുടെ മരണം മാത്രമല്ല മാര്‍ത്തയുടെ രാജിയിലേക്ക് നയിച്ചത്. ഇതിനു മുന്‍പും ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനാല്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ലാണ് മാര്‍ത്ത ആരോഗ്യമന്ത്രിയാവുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, പൊതു ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാജി.



