ന്യൂഡൽഹി: പാർട്ടിയുടെ ഉയിർപ്പിന് ഉണർത്തുപാട്ടാകുമെന്ന് കോൺഗ്രസ് കരുതുന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത് വിജയം ശീലമാക്കിയ ഖാർഗെ. ലോക്സഭയിലും നിയമസഭയിലുമായി 12 തെരഞ്ഞെടുപ്പുകളെ നേരിട്ട ഖാർഗെ പരാജയപ്പെട്ടത് ഒരിക്കൽ മാത്രം. 2019 ലെ തെരഞ്ഞെടുപ്പിൽ. 2004 ൽ കർണാടക നിയമസഭയിലേക്ക് ജയിക്കുമ്പോൾ തുടർച്ചയായ എട്ടാം തെരഞ്ഞെടുപ്പ് വിജയമെന്ന ചരിത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.
കർണാടക കൽബുർഗി ജില്ലയിലെ ചിതാപുരിൽനിന്ന് ഒൻപത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജഗ്ജീവൻ റാമിന് ശേഷം കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്തുന്ന ദളിത് നേതാവു കൂടിയാണ് 80 കാരനായ ഖാർഗെ. കർണാടകയിലെ ബിദറിൽ 1942 ജൂലൈ 21 ന് ആണ് ജനനം.
1969ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. 2021 ഫെബ്രുവരി 16 മുതൽ അദ്ദേഹം കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ ഒന്നുവരെ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൽ റെയിൽവെ, തൊഴിൽ മന്ത്രിയായിരുന്നു.
ഗുൽബർഗയിലെ സേത് ശങ്കർലാൽ ലഹോട്ടി കോളജിൽനിന്ന് നിയമത്തിൽ ബിരുദം സ്വന്തമാക്കി. തൊഴിലാളികളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ കോടതിയിലെത്തുകയും വിജയിക്കുകയും ചെയ്തു. പിന്നീട് തൊഴിലാളി യൂണിയൻ നേതാവായി. 1969-ൽ ഗുൽബർഗ സിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1972-ൽ അദ്ദേഹം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 1976-ൽ അദ്ദേഹം കർണാടകയിൽ പ്രാഥമിക വിദ്യാഭ്യാസ സഹമന്ത്രിയായി.
ദേവരാജ് ഉർസ് മന്ത്രിസഭയിൽ ഗ്രാമവികസന, പഞ്ചായത്ത് രാജ് സഹമന്ത്രിയും ഗുണ്ടു റാവു മന്ത്രിസഭയിൽ റവന്യൂ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ ഭൂമിയില്ലാത്ത കർഷകർക്കും തൊഴിലാളികൾക്കും കൈവശാവകാശം ഉറപ്പാക്കുകയും നിരവധി ഭൂപരിഷ്കരണ നടപടികൾ നടപ്പിലാക്കുകയും ചെയ്തു.
1990-ൽ റവന്യൂ, ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയായി. പിന്നീട് വീരപ്പമൊയ്ലി മന്ത്രിസഭയിൽ സഹകരണം, വ്യവസായ വകുപ്പ് മന്ത്രിയായി. എസ്.എം കൃഷ്ണ മന്ത്രിസഭയിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു.



