വാഷിംഗ്ടണ്‍: നാഷണൽ ഫുട്ബോൾ ലീഗ്(എൻഎഫ്എൽ) മത്സരത്തിനിടെ പരിക്കേറ്റ് വീണ റഗ്ബി(അമേരിക്കൻ ഫുട്ബോൾ) താരം ദാമാർ ഹാംലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന ബഫലോ ബിൽസ് – സിൻസിനാറ്റി ബംഗാൾസ് പോരാട്ടത്തിനിടെയാണ് ബിൽസ് താരമായ ഹാംലിന് പരിക്കേറ്റത്.
ആദ്യ ക്വാർട്ടറിലെ പോരാട്ടത്തിനിടെ എതിർ ടീമിലെ കളിക്കാരന്റെ ടാക്കിളിനിടെയാണ് ഹാംലിന് പരിക്കേറ്റത്. കുതിച്ചെത്തിയ എതിരാളി ഹാംലിന്റെ ശരീരത്തിലേക്ക് ഇടിച്ചുകയറി ടാക്കിൾ ചെയ്തു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബാലൻസ് നഷ്ടമായ ഹാംലിൻ ഉടനടി എഴുന്നേറ്റെങ്കിലും മൈതാനത്ത് കുഴഞ്ഞുവീണു.
ബോധം നഷ്ടപ്പെട്ട് മൈതാനത്ത് കിടന്ന ഹാംലിനെ സിപിആർ, കൃത്രിമശ്വാസം എന്നിവയടക്കമുള്ള പ്രാഥമികശുശ്രൂഷകൾ നൽകിയ ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. മത്സരം വീക്ഷിക്കാനായി സ്റ്റേഡിയത്തിലെത്തിയ ഹാംലിന്റെ മാതാപിതാക്കൾ ആംബുലൻസിനൊപ്പം ആശുപത്രിയിലേക്ക് പുറപ്പെട്ടു.
മത്സരം താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയാണെന്ന് റഫറിമാർ അറിയിച്ചതോടെ മറ്റ് താരങ്ങൾ മൈതാനം വിട്ടു.



