കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് തനിക്ക് അര്‍ഹതയില്ലെന്ന ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രിയ വര്‍ഗീസ് പിഎച്ച്ഡി പഠനത്തിനുപോയ കാലയളവും ഡെപ്യൂട്ടേഷനില്‍ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറായിരുന്ന കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയിട്ടുണ്ടെന്നും, ഇതു യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ ഇതു തെറ്റാണെന്ന് പ്രിയയുടെ മറുപടിയിൽ പറയുന്നു.
ഗവേഷണത്തിന് സര്‍ക്കാരിന്റെ അനുമതിയോടെ ഡെപ്യൂട്ടേഷനിലാണ് പോയത്. അവധിയില്ലല്ല. ഇതു സര്‍വീസായി സര്‍ക്കാര്‍ പരിഗണിച്ചിട്ടുമുണ്ട്. ഇതേപോലെ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ എന്നതു അധ്യാപക തസ്തികയാണെന്ന് 2012ല്‍ ഹൈക്കോടതിയുടെ വിധിയുമുണ്ട്. ആ നിലയ്ക്ക് ഇവ അധ്യാപന പരിചയമായി പരിഗണിക്കാം.
ഹര്‍ജിക്കാരനു മതിയായ യോഗ്യതകളില്ലെന്ന ആരോപണവും പ്രിയ ഉന്നയിച്ചിട്ടുണ്ട്. അസോ. പ്രഫസര്‍ നിയമനത്തിനുള്ള റിസര്‍ച്ച് സ്കോറിനു വേണ്ടി ഹര്ജിക്കാരന് സമര്‍പ്പിച്ച ആറു ബുക്കുകളില്‍ രണ്ടെണ്ണം മാത്രമാണ് അദ്ദേഹം എഴുതിയതെന്നും ബാക്കിയുള്ളവ എഡിറ്റ് ചെയ്തതാണെന്നും പ്രിയ വ്യക്തമാക്കുന്നു.
അസി. പ്രഫസര്‍ നിയമനത്തിന് യുജിസി നെറ്റ് നിര്‍ബന്ധമാക്കിയിരുന്ന 2008ല്‍ ഈ യോഗ്യതയില്ലാതെയാണ് ഹര്ജിക്കാരന് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതെന്നും ആരോപണമുണ്ട്. ജോസഫ് സ്കറിയയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയെ കക്ഷി ചേര്‍ത്തിട്ടില്ലെന്നും മറുപടി സത്യവാംഗ്മൂലത്തില്‍ പറയുന്നു.



