പി പി ചെറിയാൻ
ഡാലസ് ∙ ലോകം ഇന്ന് ഒരു മഹാമാരിയുടെ മധ്യേ കടന്നുപോകുന്നു. കഷ്ടതയിലും നിരാശയിലുമാണ് ഭൂരിപക്ഷം ജനങ്ങളും. ഇവിടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടുന്നത്. നാം യഥാർഥ ക്രിസ്തീയ വിശ്വാസിയാണോ എങ്കിൽ നമ്മുടെ പ്രത്യാശക്ക് ഒരിക്കലും ഭംഗം വരികയില്ലെന്ന് മാത്രമല്ല അതൊരിക്കലും പൂർണ്ണമായി അസ്തമിക്കുകയുമില്ലെന്നും റവ. ജോബി വർഗീസ് ജോയ് (ന്യൂയോർക്ക്) ഉദ്ബോധിപ്പിച്ചു.

ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിച്ച 43–ാം മത് വാർഷിക കൺവൻഷന്റെ പ്രാരംഭ ദിനമായ ഓഗസ്റ്റ് ആറിന് വെള്ളിയാഴ്ച യോഹന്നാൻ 5–ാം അധ്യായത്തിന്റെ ഏഴു മുതലുള്ള വാക്യങ്ങളെ ആസ്പദമാക്കി വചനപ്രഘോഷണം നടത്തുകയായിരുന്നു ജോബിയച്ചൻ. ബെത്‍സെയ്ദാ കുളകാഹൽ രോഗ സൗഖ്യം പ്രതീക്ഷിച്ച് മുപ്പത്തിയെട്ട് വർഷമായി കഴിഞ്ഞിരുന്ന, പ്രത്യാശക്ക് ഭംഗം വരാത്ത രോഗിയായ മനുഷ്യൻ ക്രിസ്തുവിനെ കണ്ടു മുട്ടിയപ്പോൾ പൂർണ്ണ സൗഖ്യം പ്രാപിച്ചു. ശാരീരികമായി സൗഖ്യം പ്രാപിച്ചുവെന്നതല്ലാ അവന്റെ പാപം പരിഹരിക്കപ്പെടുകയും ഇനിയും പാപം ചെയ്യരുതെന്ന് യേശു കല്പിക്കുകയും ചെയ്യുന്ന സംഭവം അച്ചൻ ചൂണ്ടിക്കാട്ടി.
പുറമെ കാണുന്ന രോഗം മാറിയതുകൊണ്ടു നാം പൂർണ്ണ ആരോഗ്യവാനാകണമെന്നില്ല. യഥാർഥ ക്രിസ്തുവിനെ കണ്ടെത്തി പാപപരിഹാരം പ്രാപിക്കുമ്പോൾ അസ്തമിക്കാത്ത പ്രത്യാശയുടെ വാക്കുകളായി നാം മാറുമെന്നും അച്ചൻ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെയാണ് കൺവൻഷൻ ആരംഭിച്ചത്. സെക്രട്ടറി അലക്സ് അലക്സാണ്ടർ ആമുഖ പ്രസംഗം നടത്തി.

റവ. സി.ജി. തോമസ് അച്ചൻ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. കെഇസിഎഫ് പ്രസിഡന്റ് റവ. ജിജോ അബ്രഹാം എല്ലാവരേയും സ്വാഗതം ചെയ്തു. റവ. പി. വി. ജോൺ മധ്യസ്ഥ പ്രാർഥന നടത്തി. വെരി. റവ. വി. എം. തോമസ് കോർ എപ്പിസ്കോപ്പായുടെ പ്രാർഥനക്കും ആശീർവാദത്തിനുശേഷം പ്രാരംഭ ദിനയോഗം സമാപിച്ചത്.