ന്യൂഡല്‍ഹി: കോവിഡ് കാരണം മരിക്കുമെന്ന ഭീതിയില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ തട്ടിപ്പ് കേസ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തട്ടിപ്പുകേസ് അടക്കം നൂറ്റിമുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പെട്ട പ്രതീക് ജെയിന് ആയിരുന്നു അലഹാബാദ് കോടതി ജാമ്യം നല്‍കിയത്.
കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയും ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജീവന് അപകടത്തിലാണെന്നും അതിനാല്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മഹാമാരിയുടെ കാലത്ത് പ്രതികളെ ജയിലില്‍ പാര്‍പ്പിക്കുന്നത് മരണത്തിനു കാരണമാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റ് കോടതികള്‍ വിധികള്‍ ആവര്‍ത്തിക്കുമെന്നും യുപി സര്‍ക്കാര്‍ വാദിച്ചു .ഓരോ കേസും വ്യക്തമായി പരിശോധിച്ചതിനു ശേഷമേ മുന്‍കൂര്‍ ജാമ്യം നല്കാവൂയെന്നു വാദംകേട്ട ജസ്റ്റീസുമാരായ വിനീത് സരണ്‍, ബി.ആര്. ഗവായി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു. അലഹാബാദ് ഹൈക്കോടതി ഉത്തരവ് മറ്റ് കോടതികള്‍ അവലംബമാക്കരുതെന്നും ഉത്തരവിട്ടു.
130 കേസുകളുള്ളയാളിനു മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനു മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ചു



