സംസ്ഥാനത്ത് കടലാക്രമണം തടയാനായി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുക. കടലാക്രമണം തടയുന്നതിനായി ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യയാണിത്. ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച് കേരളത്തിലും ഉപയോഗിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരോ തീരപ്രദേശത്തും കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാസത്തില്‍ രണ്ടു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പുരോഗതി ചീഫ് സെക്രട്ടറിയെ അറിയിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, പൊതുമരാമത്ത് വകുപ്പിന് ടൗട്ടേ ചുഴലിക്കാറ്റ് കാരണം എട്ട് കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. തകര്‍ന്നുപോയ റോഡുകള്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. കടലാക്രമണം നേരിടുന്നതിനായി എട്ട് തീരദേശ ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.



