കൊച്ചി: തൻ്റെ രാഷ്ട്രീയം പറയാനും നിലപാടുകൾ വ്യക്തമാക്കാനും ഒരിക്കലും മടിക്കാത്ത വ്യക്തിയായിരുന്നു സലിം കുമാർ. പല ചലച്ചിത്ര താരങ്ങളും നിലപാട് പരസ്യമാക്കാൻ മടിച്ച സമയത്തൊക്കെ ആദ്യം പ്രതികരിക്കാനെത്തിയത് സലീമായിരുന്നു. രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങൾക്ക് പുറമെ സിനിമാ രംഗത്തെ വിവിധ വിഷയങ്ങളിലും സലിം കുമാർ അഭിപ്രായം വ്യക്തമാക്കി. ഏറ്റവും ഒടുവിൽ നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിനായി വോട്ട് ചോദിക്കാനും സലിം എത്തിയിരുന്നു.
യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമായിരുന്ന സലിം കുമാർ പിണറായി സർക്കാരിനെതിരായ വിമർശനങ്ങൾ തൻ്റെ തനത് ശൈലിയിൽ അവതരിപ്പിച്ചും വാർത്തകളിലിടം നേടി.
മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന മുൻ കായിക വകുപ്പ് മന്ത്രിയുടെ പരാമർശം, കേരളത്തിലെ റോഡുകളെക്കുറിച്ചുള്ള പിണറായി വിജയൻ്റെ പരാമർശം ഇതിനെല്ലാമെതിരെ സലിം നടത്തിയ നർമത്തിൽ പൊതിഞ്ഞ വിമർശനം ഏറെ ചർച്ചായയിരുന്നു. ഇടതുപക്ഷത്തിനായി രംഗത്തിറങ്ങുന്ന കലാകാരൻമാരെ പരിഹസിച്ച്. കലാകാരന്മാർ ഇപ്പോൾ ഇടതുപക്ഷത്തിൻ്റെ കോമാളികളായി മാറിയിരിക്കുകയാണെന്ന് പറവൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞിരുന്നു.
ഈ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും പറവരൂരിലേക്ക് ധനകാര്യ വകുപ്പ് മുഖ്യമന്ത്രി കസേരയും എത്തുമെന്നും സലിം കുമാർ പ്രവചിച്ചിരുന്നു. രാഷ്ട്രീയത്തിൻ്റെ പേരിൽ തന്നെയാണ് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചതും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും ചലച്ചിത്രമേഖലയിൽനിന്നുള്ളവരായിരുന്നു. ഇതോടെ, അമ്മയിലെ അംഗങ്ങൾ പ്രചാരണത്തിനിറങ്ങേണ്ടെന്ന് സംഘടനയിൽ തീരുമാനിച്ചു. എന്നാൽ വൈസ് പ്രസിഡൻ്റായ മോഹൻലാലും സംവിധായകൻ പ്രിയദർശനും ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. ഇതിൽ പ്രതിഷേധിച്ചാണ് സലിം കുമാർ തൻ്റെ അംഗത്വം രാജിവെച്ചത്.
പാർട്ടിയുമായി സലിം കുമാറിനുള്ള ബന്ധത്തെക്കുറിച്ചാണ് മുഖ്യമന്ത്രി വിഡി സതീശനും പ്രതികരിച്ചത്.



