ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം ( ടിവികെ ) നേതാവുമായ വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിൽ നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ മണ്ഡലത്തിലേക്ക് നടൻ രാഘവ ലോറൻസിൻ്റെ പേരും സജീവമാകുന്നു. മണ്ഡലത്തിൽ ആരാകും ടിവികെ സ്ഥാനാർഥിയെന്ന ആകാംക്ഷ തുടരുന്നതിനിടെയാണ് ലോറൻസിൻ്റെ പേരും ഉയർന്നുകേൾക്കുന്നത്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാപകനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് . തെരഞ്ഞെടുപ്പിൽ തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വിജയ് മത്സരിച്ച് വിജയിച്ചിരുന്നു. ഇതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റിൽ നിന്ന് രാജിവെക്കുകയും മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു.

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ജൂൺ പതിനൊന്നിന് സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്ന് നടനും സംവിധായകനും നൃത്തസംവിധായകനുമായ രാഘവ ലോറൻസ് പറഞ്ഞു. ഈ മാസം പതിനൊന്നിന് അമ്മയുടെ അനുഗ്രഹത്തോടെ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് ലോറൻസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള താരമാണ് രാഘവ ലോറൻസ്. സംവിധായകനും നൃത്തസംവിധായകനുമായ ലോറൻസിന് വലിയൊരു ആരാധകവൃന്ദവുമുണ്ട്.

പല പേരുകൾ ഉയർന്ന് കേട്ടെങ്കിലും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ മണ്ഡലത്തിൽ നിന്നുള്ളയാളെ ടിവികെ സ്ഥാനാർഥിയാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ലോറൻസിൻ്റെ പേര് സജീവമായത്. തിരുച്ചിറപ്പള്ളി ഈസ്റ്റിലെ തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് സമ്മതിച്ച ലോറൻസ് എക്സ് അക്കൗണ്ടിലൂടെ വിവരങ്ങൾ പങ്കുവച്ചു. “ഈ വിഷയത്തിൽ വിശദീകരണം തേടിയും അഭിമുഖങ്ങൾ ആവശ്യപ്പെട്ടും നിരവധി മാധ്യമപ്രവർത്തകരും സംഘടനകളും തന്നെ ബന്ധപ്പെട്ടിരുന്നു. ഊഹാപോഹങ്ങൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ വ്യക്തത നൽകേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതി” – എന്ന് ലോറൻസ് പറഞ്ഞു.

ജൂൺ 10ന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തന്റെ ചിത്രമായ ‘ബെൻസ്’ ന്റെ ഷൂട്ടിങ് പൂർത്തിയാക്കുന്ന തിരക്കിലാണെന്ന് താൻ. അടുത്ത ദിവസം തന്റെ ജീവിതത്തെക്കുറിച്ച് ഒരു സുപ്രധാന പ്രഖ്യാപനം നടത്തും. അമ്മയുടെ അനുഗ്രഹത്തോടെ ജൂൺ 11ന് രാവിലെ 9.30ന് തൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രധാന തീരുമാനം ഞാൻ പ്രഖ്യാപിക്കുമെന്ന് ലോറൻസ് പറഞ്ഞു.

വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തൃഷ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഈ തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ടിവികെ. ഇതോടെ മണ്ഡലത്തിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കാൻ ടിവികെ നീക്കം നടത്തി. തിരുച്ചിറപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി പറയാനായി സംഘടിപ്പിച്ച പൊതുയോഗത്തിൽ ‘നിങ്ങളിൽ ഒരാളെ സ്ഥാനാർഥി’ ആക്കും എന്ന് വിജയ് പറഞ്ഞതോടെയാണ് മണ്ഡലത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്.

മുഖ്യമന്ത്രിസ്ഥാനത്ത് വിജയ് എത്തിയതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാനമാകെ സൂക്ഷമമായി നിരീക്ഷിക്കാൻ സാധ്യതയുണ്ട്. വിജയ് മത്സരിച്ച് വിജയിച്ച മണ്ഡലത്തിൽ തിരിച്ചടിയുണ്ടായാൽ വിജയ്ക്ക് ലഭിക്കുന്ന ആദ്യ തിരിച്ചടിയാകും. ഇതോടെയാണ് ജസാധ്യതയുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. ലോറൻസ് സമ്മതം മൂളിയാൽ മികച്ച സ്ഥാനാർഥിയാകുമെന്ന വിശ്വാസത്തിലാണ് ടിവികെ. തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റിൽ ലോറൻസ് മത്സരിക്കുമെന്ന തരത്തിൽ വലിയ പ്രചാരണമാണ് നിലവിൽ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത്.