സലിം കുമാറും ഒടുവില്‍ നമ്മെ വിട്ടു പിരിഞ്ഞു. കൊച്ചി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് മുന്നില്‍ പ്രിയപ്പെട്ടവര്‍ ഓടിയെത്തി. സലിം കുമാറിന്റെ ചേതനയറ്റ ശരീരത്തെ നോക്കി, കൈകൂപ്പി നിന്ന ദിലീപിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, ഏറ്റവും അടുത്ത സുഹൃത്തിന്റെ മരണം ദിലീപിനെ തളര്‍ത്തി എന്നത് ആ വീഡിയോയില്‍ വ്യക്തമാണ്.

കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സലിം കുമാറിന്റെ തമാശകള്‍ കേട്ട് ക്യാമറയ്ക്ക് മുന്നില്‍ ചിരി മറച്ചുപിടിക്കാന്‍ പ്രയാസപ്പെട്ട ആളാണ് ദിലീപ് . ഇന്നും സിനിമയില്‍ ആ രംഗമുണ്ട്. പക്ഷേ ഇപ്പോള്‍, സലിം കുമാറിന്റെ മൃതദേഹത്തിന് മുന്നില്‍ കരച്ചിലടിക്കി പിടിക്കാനും, മറച്ചുവയ്ക്കാനും ശ്രമിക്കുന്ന ദിലീപിനെ ജനങ്ങള്‍ക്ക് കാണാം

സിനിമ ബന്ധത്തിന് അപ്പുറമായിരുന്നു ദിലീപും സലിം കുമാറുമായുള്ള ബന്ധം. ഒരേ കോളേജില്‍ പഠിച്ചവര്‍, വന്ന വഴിയും സമാനമായി മിമിക്രിയിലൂടെ തന്നെയാണ്. പക്ഷേ സിനിമകളില്‍ ദിലീപിനെയും സലിം കുമാറിനെയും അടുപ്പിച്ചത് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രമാണ്. അതിന് ശേഷം ദിലീപിന്റെ ഭാഗ്യമായി മാറുകയായിരുന്നു സലിം കുമാര്‍ , ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ഈ പറക്കും തളിക, സൂത്രധാരന്‍, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, സിഐഡി മൂസ, തിളക്കം, രസികന്‍, പാണ്ടിപ്പട, ചെന്ന്, ലയേണ്‍, പച്ചക്കുതിര, മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥന്‍ തുടങ്ങി, ദിലീപ് ഏറ്റവുമൊടുവില്‍ ചെയ്ത ഭഭഭ വരെ സലിം കുമാറിന്റെ സാന്നിധ്യമുണ്ട്.

എന്തും പരസ്പരം പങ്കുവയ്ക്കുന്ന, ഏതവസ്ഥയിലും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളാണ് ഇരുവരും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണ അറിയിച്ച് സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. ദിലീപിനെ തകര്‍ക്കാന്‍ ശ്രമിച്ചതാണെന്നാണ് സലിം കുമാര്‍ പറഞ്ഞത്. ഞാനത് ചെയ്തിട്ടില്ല എന്ന് ദിലീപ് മക്കളെ പിടിച്ച് സത്യമിടുമ്പോള്‍ അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞ നടന്‍.

കൂടെയുള്ളവര്‍ ഓരോരുത്തരായി പോകുമ്പോഴുള്ള ദിലീപിന്റെ അവസ്ഥയും ദയനീയമാണ്. ഇതുപോലെ ഇതിന് മുന്‍പ് ദിലീപ് വേദന കടിച്ചമര്‍ത്തി നിന്നത് ഇന്നസെന്റിറ്റെ മൃതദേഹത്തിന് മുന്നിലാണ്. കലാഭവന്‍ മണിയുടെ മരണവും ദിലീപിന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലുള്ള ഏറ്റവും വലിയ വേദനയായിരുന്നു.