കർണാടക: കോലാറിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാവങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. എന്നാൽ മോദി അദാനിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോദി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നൽകുമ്പോൾ ഞങ്ങൾ പണം നൽകുന്നത് ഇവിടുത്തെ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും യുവാക്കൾക്കുമായിരിക്കും. മോദി പൂർണ മനസ്സോടെ അദാനിയെ സഹായിക്കുന്നു. ഞങ്ങൾ പൂർണമനസ്സോടെ ഇവിടുത്തെ ജനങ്ങളെ സഹായിക്കും. ജനങ്ങൾക്ക് വേണ്ടി എന്ത് കാര്യങ്ങൾ ചെയ്താലും ബിജെപി സർക്കാർ 40 ശതമാനം കമ്മീഷൻ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴിതിയിട്ടും നടപടിയില്ല. അതിനർഥം കമ്മീഷൻ വാങ്ങുന്നത് പ്രധാനമന്ത്രി അംഗീകരിച്ചെന്നാണെന്നും രാഹുൽ പറഞ്ഞു.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യമന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് 2000 രൂപ വെച്ച് എല്ലാമാസവും നൽകും. ബിരുദ്ധമുള്ളവർക്ക് 3000 രൂപവെച്ചും ഡ്ലിപ്ലോമയുള്ളവർക്ക് 1500 രൂപവെച്ചും എല്ലാ മാസവും നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ സംബന്ധിച്ച് വിശദീകരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് രണ്ട് തവണ കത്ത് നൽകിട്ടുണ്ട്. തനിക്ക് അവസരം തന്നിട്ടില്ല. മോദി-അദാനി വിഷയം പാലർമെന്‍റിൽ ചർച്ചചെയ്യാൻ സ്പീക്കർക്ക് ഭയമാണ്. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അവിടെല്ലാം അദാനിക്കും പദ്ധതികൾ കിട്ടും. സാധാരണ പ്രതിപക്ഷ പാർട്ടികളാണ് തടസ്സം സൃഷ്ടിക്കാറുള്ളത്. എന്നാൽ ചരിത്രത്തിലാദ്യമായി പാലർമെന്‍റ് പ്രവർത്തിക്കാൻ ബിജെപി സർക്കാർ സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ ബി സിയോട് കാണിക്കുന്ന സ്നേഹം കാപട്യമാണ്. രാജ്യത്തെ പിന്നോക്കക്കാരുടെ എണ്ണമെത്ര? സർക്കാരിന് കണക്കുണ്ടോ. താൻ ഒ ബിസിക്കാരെ അപമാനിച്ചെന്നാണ് ബിജെ പി പറയുന്നത്. പ്രധാനമന്ത്രി ഒ ബി സിക്കാർക്കു വേണ്ടിയാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ കണക്ക് പറയട്ടെ. കേന്ദ്ര സർക്കാരിൽ സെക്രട്ടറി തസ്തികകളിലടക്കം ഒബിസി പ്രാതിനിധ്യം 7 ശതമാനമേയുള്ളു. യു പി എ സർക്കാർ നടത്തിയ ജാതി സെൻസസിലെ വിവരങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.