മൂന്നു വര്‍ഷത്തോളം മോശം ഫോമിലായിരുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി തന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോഹ്‌ലി തന്റെ 73ാം സെഞ്ച്വറി നേടി. ഇതോടെ നാട്ടില്‍ 20 ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താനും കോഹ്‌ലിക്കായി. ഇതോടെ വീണ്ടും സച്ചിന്‍-കോഹ്‌ലി താരതമ്യം സജീവമായിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പറയുന്നത് സച്ചിന്‍-കോഹ്‌ലി താരമത്യത്തില്‍ അരര്‍ത്ഥവും ഇല്ലെന്നാണ്.

വിരാട് കോഹ്‌ലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാനാവില്ല. സച്ചിന്റെ കാലത്ത് തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ അഞ്ച് താരങ്ങള്‍ ഇല്ലായിരുന്നു- സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ ഗംഭീറിന്റെ വിലയിരുത്തല്‍ കോഹ്‌ലി ഫാന്‍സിന് അത്ര പിടിച്ചിട്ടില്ല. കോഹ്‌ലിയോടുള്ള ഗംഭീറിന്റെ അസൂയയാണ് ഇത്തരമൊരു വിലയിരുത്തലിന് പിന്നിലെന്നാണ്് അവര്‍ പറയുന്നത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്ന നിലയില്‍ ഗംഭീറിനോട് എല്ലാവര്‍ക്കും ഇഷ്ടമുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ മോശം അഭിപ്രായപ്രകടനങ്ങളിലൂടെ ഗംഭീര്‍ സ്വന്തം വിലകളയുകയാണെന്നാണ് ആരാധകര്‍ പറയുന്നു.

ഏകദിനത്തില്‍ തന്റെ 45ാം സെഞ്ച്വറിയാണ് കോഹ്‌ലി തികച്ചത്. 87 പന്തില്‍ 12 ഫോറും 1 സിക്സുമടക്കം 113 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന് ലങ്കയെ പരാജയപ്പെടുത്തി പരമ്പരയില്‍ ലീഡെടുത്തു.