വാഷിങ്ടണ്‍: കോവിഡ് വ്യാപനം തടയുന്നതിന് പുതിയ പദ്ധതിയുമായി യുഎസിലെ ബൈഡന്‍ സര്‍ക്കാര്‍. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി 50 വയസ്സിന് താഴെയുള്ളവരിലേക്ക് രണ്ടാമത്തെ കൊറോണ വൈറസ് ബൂസ്റ്റര്‍ ഷോട്ടുകള്‍ വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്ന് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നീക്കം.

ചെറുപ്പക്കാര്‍ക്കുള്ള വാക്‌സിന്റെ നാലാമത്തെ ഡോസിനുള്ള യോഗ്യത വര്‍ദ്ധിപ്പിക്കുന്നതിന് റെഗുലേറ്ററി അംഗീകാരം ആവശ്യമാണ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

പ്രതിരോധശേഷി കുറവുള്ള ചില ചെറുപ്പക്കാര്‍ക്കൊപ്പം 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ ഭരണകൂടം മാര്‍ച്ചില്‍ തീരുമാനിച്ചു. പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധനും വൈറ്റ് ഹൗസിലെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗസി, എല്ലാ ചെറുപ്പക്കാര്‍ക്കുമായി യോഗ്യത വിപുലീകരിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു.

പാന്‍ഡെമിക് പ്രതികരണത്തിന്റെ വൈറ്റ് ഹൗസ് കോര്‍ഡിനേറ്ററായ ഡോ. ആശിഷ് കെ. ഝായും ആ സമീപനത്തെ അനുകൂലിക്കുന്നതായി രണ്ട് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് നേരത്തെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍, 50 വയസ്സിന് താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ട് ലഭിക്കണമെന്ന് ശക്തമായി ശുപാര്‍ശ ചെയ്യാന്‍ മതിയായ ക്ലിനിക്കല്‍ ഡാറ്റ ഇല്ലെന്ന് ഫൗസി പറഞ്ഞു. എന്നാല്‍ ആ പ്രായത്തിലുള്ള പലര്‍ക്കും നവംബറിലോ ഡിസംബറിലോ അവസാന ഷോട്ട് ലഭിച്ചതിനാല്‍ വൈറസിനെതിരായ അവരുടെ സംരക്ഷണം ക്ഷയിച്ചു വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.