ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനമാണുയുര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചന സംവിധാനങ്ങളും തകര്‍ത്തത് രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്നലെ രാത്രിയാണ് ഗുലാം നബി ആസാദിന്റെ രാജിക്കത്ത് സോണിയയ്ക്കു ലഭിച്ചത്.

പാര്‍ട്ടിയുടെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്കും 2014 ലെ അധികാര നഷ്ടത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധി മാത്രമാണെന്ന് രാജിക്കത്തില്‍ സമര്‍ഥിക്കുന്നു. രാഹുലിനെ വൈസ് പ്രസിഡന്റായി നിയമിച്ചത് നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ തകര്‍ത്തെന്ന് ആസാദ് പറഞ്ഞു.

പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ മാറ്റിനിറുത്തി, ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഒരു കൂട്ടമാണ് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിച്ചത്. രാഹുലിന്റെ പക്വതയില്ലായ്മയുടെ വ്യക്തമായ ഒരു ഉദാഹരണമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി കളഞ്ഞത്. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവച്ചതുമായ ഓര്‍ഡിനന്‍സാണ് അദ്ദേഹം കീറിക്കളഞ്ഞതെന്നും ആസാദ് ചൂണ്ടിക്കാട്ടി.