തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് പകരം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ എം. വി. ഗോവിന്ദൻ ചുമതലയേൽക്കും. മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റിലാകും തീരുമാനിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും.
അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറിയതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവർ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.



