ടെഹ്റാൻ: ഇസ്രായേൽ – യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസാകാര ചടങ്ങുകൾ വൈകാതെ നടക്കുമെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. സംസ്കാര ചടങ്ങിനായി പ്രത്യേക സ്ഥലം സജ്ജമാക്കിയെങ്കിലും തീയതി ഇപ്പോഴും തീരുമാനിച്ചിട്ടില്ല. മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യവും അതീവ രഹസ്യമാണ്.
അമേരിക്കൻ – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരത്തിന് ഇറാൻ ഒരുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി പ്രത്യേക ദൗത്യ സംഘത്തെ ഇറാൻ രൂപീകരിച്ചു. യുഎസ് – ഇസ്രായേൽ ആക്രമണത്തിൽ അയവ് വന്ന സാഹചര്യത്തിലാണ് സംസ്കാരത്തിനുള്ള നീക്കം ഇറാൻ ആരംഭിച്ചത്.
ആയത്തുള്ള അലി ഖമേനിയുടെ സംസാകാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ടെഹ്‌റാൻ കോർഡിനേഷൻ കൗൺസിൽ ഫോർ ഇസ്ലാമിക് പ്രൊപ്പഗണ്ട (ഇസ്ലാമിക് പ്രൊപ്പഗേഷൻ കോർഡിനേഷൻ കൗൺസിൽ) തലവൻ മൊഹ്‌സെൻ മഹ്മൂദിയെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾക്കായി പ്രത്യേക സ്ഥലം കണ്ടെത്തി. എന്നാൽ തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾ അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ മാസം സംസ്കാരം നടത്താൻ ആലോചനയുണ്ടായിരുന്നുവെങ്കിലും ഇസ്രായേൽ – യുഎസ് ആക്രമണം തുടരുന്നതിനാൽ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. മാർച്ച് മാസത്തിൽ തീരുമാനിച്ച സംസ്കാര ചടങ്ങും മാറ്റിവെക്കുകയായിരുന്നു. ആക്രമണത്തിൻ്റെ തോത് കുറഞ്ഞതിനാൽ വൈകാതെ ചടങ്ങ് നടത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സംസ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ വലിയ ചടങ്ങായി നടത്താനുള്ള തയാറെടുപ്പാണ് ഇറാൻ നടത്തുന്നത്. ആയിരക്കണക്കിനാളുകളുടെ പങ്കാളിത്തം ചടങ്ങിന് പ്രതീക്ഷിക്കുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ഖമേനി യുഎസ് – ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമേനി ഇറാൻ്റെ പരമോന്നത നേതാവായി. എന്നാൽ യുഎസ് – ഇസ്രായേൽ ആക്രമണത്തിൽ മുജ്തബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൈക്കും പരിക്കുണ്ട്. അധികാരമേറ്റതിനുശേഷം മുജ്തബ ഖമേനി പൊതുജനങ്ങൾക്കിടയിൽ ഇതുവരെ എത്തിയിട്ടില്ല. ഇസ്രായേൽ ആക്രമണ ഭീഷണി തുടരുന്നതിനാൽ രഹസ്യകേന്ദ്രത്തിലാണ് മുജ്തബയുള്ളത്. വിവരങ്ങൾ ഇസ്രായേൽ ചോർത്തുമെന്ന സൂചനയുള്ളതിനാൽ ഇറാൻ ഭരണകൂടമായും സൈനിക നേതൃത്വവുമായും മുജ്തബ ഖമേനി നിലവിൽ വലിയ ബന്ധം നടത്തുന്നില്ല.



