തമിഴ് നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനിമണി മരണപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. 85 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്, പാലവാക്കത്തെ വസതിയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംഭവ സമയം അജിത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ദുബായിലായിരുന്ന അജിത്ത് നാട്ടിലേക്ക് തിരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണവിവരം അറിഞ്ഞ് സമുദ്രക്കനി, എ എല്‍ വിജയ് , ശങ്കർ, നാസർ, ശരത്കുമാർ അടക്കമുള്ള പ്രമുഖര്‍ അജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു മടങ്ങി. കമല്‍ ഹാസന്‍ , വിജയ് തുടങ്ങിയ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയും അനുശോചകം അറിയിക്കുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രിയും അജിത്തിന്റെ ഉറ്റസുഹൃത്തുമായ വിജയ് യുടെ അനുശോചക പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. വിജയ് അഭിനയിക്കുന്ന കാലത്ത് ഇരുവരുടെയും ഫാന്‍സുകള്‍ തമ്മില്‍ മത്സരിക്കുമ്പോഴും അജിത്തും വിജയ് യും എന്നും നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പവും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

എന്റെ പ്രിയ സുഹൃത്ത് ശ്രീ അജിത് കുമാറിന്റെ അമ്മ ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാര്‍ത്ത കേട്ട് ഞാന്‍ അതീവ ദുഃഖിതനായി. അവരുടെ ആത്മാവ് ദൈവത്തിന്റെ ദിവ്യ പാദങ്ങളില്‍ നിത്യശാന്തി പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും താങ്ങും തണലും നല്‍കിയ അമ്മയുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന എന്റെ സുഹൃത്ത് അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു- എന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ വന്ന പോസ്റ്റ്.

നടന്‍ കമല്‍ ഹാസനും മോഹിനിയമ്മയ്ക്ക് അനുശോചകം അറിയിച്ചു. അജിത്തിന്റെ അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും ഹൃദയംഗമമായ അനുശോചകം അറിയിക്കുന്നു എന്നാണ് കമല്‍ ഹാസന്റെ പോസ്റ്റ്.