മിസ്സോറി∙ കന്‍സാസ് സിറ്റിയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ 42 വർഷം ജയിലിൽ കഴിയേണ്ടി വന്നയാളെ നിരപരാധിയെന്നു കണ്ടെത്തി വിട്ടയയ്ക്കാൻ നടപടികൾ ആരംഭിച്ചു. കെവിൻ സ്ട്രിക്‌ലാൻഡ് എന്ന 61 വയസുകാരനാണ് ഈ ഹതഭാഗ്യൻ. കെവിന്റെ പേരിലുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ല, സംഭവിച്ചത് വലിയൊരു തെറ്റാണെന്നും കോടതി പറഞ്ഞു. ഇയാളെ ജയിലിലടയ്ക്കാൻ തീരുമാനിച്ച അതേ ഓഫിസാണ് ഇയാളുടെ നിരപരാധിത്വം അംഗീകരിച്ചു ജയിൽ വിമോചിതനാക്കാൻ നടപടികൾ ആരംഭിച്ചത്.

മേയ് 10 ചൊവ്വാഴ്ച ജാക്സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീന്‍ പീറ്റേഴ്സ് ബേക്കറാണ് വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 1978 ൽ നടന്ന സംഭവത്തിന് ഏക ദൃക്സാക്ഷി സിന്ധ്യ ഡഗ്‌ലസാണ് കെവിൻ ഈ കേസിൽ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. ഷെറി ബ്ലാക്ക്, ജോൺ വാക്കർ, ലാറി ഇൻഗ്രാം എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന സിന്ധ്യക്കും കാലില്‍ വെടിയേറ്റിരുന്നു. പക്ഷേ ഇവർ മരിച്ചതു പോലെ കിടന്നതു കൊണ്ട് കൂടുതൽ വെടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ആദ്യം ഇവർ മറ്റു രണ്ടുപേരെയാണ് പ്രതികളായി ചൂണ്ടിക്കാണിച്ചത്. കെവിനെ നേരിട്ടു അറിയില്ലെങ്കിലും ഷോട്ട്ഗണ്‍ പിടിച്ചിരുന്നത് കെവിനാണെന്ന് ഇവർ പൊലീസിനെ അറിയിച്ചു. കെവിനെ കൂടാതെ വിൻസെന്റ് ബെൽ, കിൻ ആഡ്കിൻസ് എന്നിവരും കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. ബെൽ സംഭവ സമയത്തു കെവിൻ ഇല്ലായിരുന്നുവെന്ന് പറഞ്ഞുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 2009 ൽ ദൃക്സാക്ഷിയായിരുന്ന സിന്ധ്യ കെവിൻ നിരപരാധിയാണെന്നു തിരുത്തി പറഞ്ഞു. 2015 ൽ ഇവര്‍ മരിക്കുകയും ചെയ്തു. ഇന്നസൻസ് പ്രോജക്റ്റിന്റെ അന്വേഷണത്തിലാണ് ഒടുവിൽ കെവിൻ പ്രതിയല്ലായെന്നു കണ്ടെത്തി വിട്ടയ്ക്കാൻ തീരുമാനിച്ചത്.