തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് സമീപകാലത്തൊന്നും അവസാനമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ലെന്നും ആര്‍എസ്എസ് നോമിനിയെ പോയിട്ട് സ്വന്തക്കാരെ പൊലും നിയമിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഗവർണർ രംഗത്തെത്തിയത്. അനാവശ്യ നിയമനങ്ങള്‍ നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്നുള്ള വെല്ലുവിളിയും ഗവർണർ നടത്തി. അതേസമയം ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി രാജിവെക്കുമോയെന്ന് ചോദിക്കാനും ഗവർണർ തയ്യാറായി. 

മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് ബന്ധമുണ്ടെങ്കില്‍ ഇടപെടും. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങളിലും ഗവര്‍ണര്‍ എന്ന നിലയില്‍ ഇടപെടും. സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണെന്നും അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്. ഏത് കാരണത്താലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത്. എം ശിവശങ്കര്‍ ആരായിരുന്നുവെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിനുപിന്നാലെ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടികളുമായി വീണ്ടും ഗവർണർ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്‌ട്രപതിയ്ക്ക് കത്ത് നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്‌ക്ക് പോകുമ്പോൾ പകരം ആർക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദർശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ലെന്നുമാണ് ഗവർണർ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ കൂടെ വിദേശയാത്ര നടത്തിയ മന്ത്രിമാരും ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നും രാഷ്ട്രപതിക്ക് നൽകിയ കത്തിൽ ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെക്കൊണ്ട് നടപടികൾ കെെക്കൊള്ളിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഗവർണറുടെ കത്തെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 

രാഷ്ട്രപതിക്ക് അയച്ച കത്തിൻ്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും ഗവർണർ കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവർണർ പോരിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പരാമർശിച്ച് ഗവർണർ നടത്തിയ അഭിപ്രായങ്ങൾക്ക് പിന്നാലെയാണ് പുതിയ നടപടികളുമായി ഗവർണർ രംഗത്തെത്തിയത്. അതേസമയം സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കുന്നുണ്ട്. ഈ യോഗത്തിൽ ഗവർണർ-സർക്കാർ പോര് ച‌ർച്ചയ്‌ക്കെടുക്കാനിരിക്കെയാണ് നിർണ്ണായക നീക്കങ്ങളുമായി ഗവർണർ രംഗത്തെത്തിയത്. 

കുറച്ചു നാളുകളായി സംസ്ഥാന സർക്കാർ- ഗവർണർ പോര് അതിരൂക്ഷമായി തുടരുകയാണ്. ഗവർണർ സർവ്വാധികാരി ചമയേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ  പ്രതികരണത്തിന് തിരിച്ചടിയായാണ് സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവുമായി ഗവർണർ രംഗത്തെത്തിയത്. സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലുകളെ ആയുധമാക്കിയാണ് ഗവർണർ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹവുമായി അടുപ്പമുള്ളവർക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ഇടപെടുമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ  ഗവർണർ മുന്നറിയിപ്പ് നൽകുകയായിരുന്നു.